Kerala
Coming to Wayanad is emotional, you are our family; Priyanka Gandhi

Priyanka Gandhi

Kerala

'വയനാട്ടിലേക്കുള്ള വരവ് വികാരഭരിതം, നിങ്ങളാണ് ഞങ്ങളുടെ കുടുംബം'; സ്വീകരണത്തിൽ പ്രിയങ്ക ഗാന്ധി

Web Desk
|
11 April 2023 11:45 AM GMT

'ഇന്നലെ ചില ബിജെപി നേതാക്കൾ പറഞ്ഞു: ഒരു വ്യക്തിയുടെ പ്രശ്‌നം കോൺഗ്രസ് പ്രസ്ഥാനം ഉയർത്തിക്കൊണ്ടുവരുന്നുവെന്ന്. എന്നാൽ ഇതല്ല എനിക്ക് തോന്നുന്നത്. ഒരു വ്യക്തിയുടെ സംരക്ഷണത്തിന് സർക്കാർ മുഴുവൻ പ്രവർത്തിക്കുന്നത് അത് മറ്റാരുമല്ല... ഗൗതം അദാനിയാണ്' പ്രിയങ്ക വിമർശിച്ചു.

വയനാട്: വയനാട്ടിലേക്കുള്ള തന്റെയും സഹോദരൻ രാഹുലിന്റെയും വരവ് ഏറെ വൈകാരികമാണെന്ന് പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം താൻ രാഹുലിന്റെ വീട് ഒഴിയുന്നതിൽ സഹായിക്കുകയായിരുന്നുവെന്നും അതുപോലെയുള്ള അവസ്ഥ തനിക്കും ഉണ്ടായിരുന്നുവെന്നും എന്നാൽ തനിക്ക് തണലായി ഭർത്താവും മക്കളുമുണ്ടായപ്പോൾ രാഹുലിന് അത്തരം അത്താണികളുണ്ടായിരുന്നില്ലെന്നും അവർ കൽപ്പറ്റയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ പറഞ്ഞു. അടുത്ത ദിവസം വയനാട്ടിലേക്ക് പോകുകയല്ലേയെന്നും എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞപ്പോൾ അതൊന്നും കാര്യമാക്കേണ്ടതില്ല. വയനാട്ടുകാർ നമ്മുടെ കുടുംബമാണെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ എം.പിയുടെ ഭാവി കോടതിയുടെ കൈകളിലാണെന്നും നാലേകാൽ ലക്ഷം വോട്ടിന് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ സ്ഥാനം സാങ്കേതികത്വങ്ങൾ കുരുങ്ങിക്കിടക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. നാട്ടിലെ പ്രശ്‌നങ്ങൾ ചോദ്യം ചെയ്യുന്നത് ജനപ്രതിനിധികളുടെ ബാധ്യതയാണെന്നും ഭരണകൂടങ്ങളുടെ അനീതികൾ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും പ്രിയങ്ക ഓർമിപ്പിച്ചു. ഭരണകൂടത്തെ ചോദ്യം ചെയ്യുന്നതാണ് ഈ മനുഷ്യനെ ഭരണപക്ഷ അംഗങ്ങൾ വളഞ്ഞിട്ട് അപഹസിക്കാൻ കാരണമെന്നും പറഞ്ഞു.

'നമ്മുടെ രാജ്യം പടുത്തുയർത്തപ്പെട്ടത് സമത്വം, നീതി, ജനാധിപത്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ്. സത്യത്തിന് വേണ്ടിയുള്ള പോരാട്ടമായ സത്യഗ്രഹങ്ങളിലാണ് നാം തുടങ്ങിയത്. ഇന്നലെ ചില ബിജെപി നേതാക്കൾ പറഞ്ഞു: ഒരു വ്യക്തിയുടെ പ്രശ്‌നം കോൺഗ്രസ് പ്രസ്ഥാനം ഉയർത്തിക്കൊണ്ടുവരുന്നുവെന്ന്. എന്നാൽ ഇതല്ല എനിക്ക് തോന്നുന്നത്. ഒരു വ്യക്തിയുടെ സംരക്ഷണത്തിന് സർക്കാർ മുഴുവൻ പ്രവർത്തിക്കുന്നത് അത് മറ്റാരുമല്ല... ഗൗതം അദാനിയാണ്' പ്രിയങ്ക വിമർശിച്ചു.

'നമ്മുടെ രാജ്യം ഒരു നിർണായക ഘട്ടത്തിലാണ്. എന്റെ സഹോദരന് സംഭവിച്ചത് ഒരു സൂചന മാത്രമാണ്. ഏകാധിപത്യത്തിലേക്ക് നാം നീങ്ങുന്നുവെന്നതിന്റെ സൂചന. ഏത് എതിർ ശബ്ദത്തെയും നിശബ്ദമാക്കാമെന്നാണ് സർക്കാർ കരുതുന്നത്. നമ്മുടെ പ്രതിരോധ സംവിധാനങ്ങളടക്കം ഭരണകൂടം അവരുടെ ബിസിനസ് സുഹൃത്തുകൾക്ക് തീറെഴുതി കൊടുക്കുകയാണ്' കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.



Coming to Wayanad is emotional, you are our family; Priyanka Gandhi

Similar Posts