Kerala
k krishankutti
Kerala

'പിന്നെ കോടതിയും പൊലീസും എന്തിനാണ്'; കണക്ഷൻ വിച്ഛേദിച്ച സംഭവത്തിൽ മന്ത്രിയുടെ എഫ്ബി വാളിൽ പൊങ്കാല

Web Desk
|
7 July 2024 10:18 AM GMT

'യോഗിയാണോ കേരളം ഭരിക്കുന്നത്. ഒരു ബുൾഡോസർ വിളിച്ച് ആ വീടും അങ്ങ് പൊളിച്ചാലോ രാജാവേ'

കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ഇബി ഓഫീസിൽ അതിക്രമം നടത്തിയെന്ന് ആരോപിച്ച് വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച നടപടിയിൽ മന്ത്രി കെ കൃഷ്ൺകുട്ടിക്ക് പൊങ്കാല. ഇതുമായി ബന്ധപ്പെട്ട് പങ്കുവച്ച കുറിപ്പിനടിയിലാണ് മന്ത്രിക്കും വകുപ്പിനുമെതിരെയുള്ള വിമർശനങ്ങൾ. ഇങ്ങനെയാണ് എങ്കിൽ നാട്ടിൽ നിയമവും പൊലീസും എന്തിനാണ് എന്നാണ് കമന്റ് ബോക്‌സിലെ ചോദ്യങ്ങൾ.

യൂത്ത് കോൺഗ്രസ് നേതാവ് അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധമാണ് അധികൃതർ കഴിഞ്ഞ ദിവസം വിച്ഛേദിച്ചത്. ഇയാൾ സെക്ഷൻ ഓഫീസിൽ അതിക്രമിച്ചു കയറി അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെയുള്ള ജീവനക്കാരെ മർദിക്കുകയായിരുന്നു എന്നാണ് കെഎസ്ഇബി പറയുന്നത്. കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകറിന്റെ പ്രത്യേക അധികാരമുപയോഗിച്ചാണ് കണക്ഷന്‍ വിച്ഛേദിച്ചത്.

യുപിയിലെ യോഗി ഭരണകൂടം നടത്തുന്ന ബുൾഡോസർ രാജിന് തുല്യമാണ് കെഎസ്ഇബിയുടെ നടപടിയെന്ന് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സിജിൻ സ്റ്റാൻലി കുറിച്ചു.

'ബിജു പ്രഭാകർ ആണോ ജഡ്ജി? തെറ്റ് ചെയ്ത ആളുകളെ നിയമവിധേയമായി കോടതി മുമ്പാകെ ഹാജരാക്കി നിയമ നടപടികൾ കൈകൊള്ളുക അതാണ് ഒരു ജനാധിപത്യ സർക്കാർ ചെയ്യേണ്ടത് ആ വീട്ടിൽ കുഞ്ഞുങ്ങൾ കാണും സ്ത്രീകൾ ഉണ്ടാവും ഇവരാരും കുറ്റം ചെയ്തവരല്ല! യു.പി യിൽ യോഗി ആദിത്യനാഥ് സർക്കാർ കുറ്റം ചെയ്തു എന്ന് ആരോപിച്ച് ആരോപണ വിധേയരുടെ വീടുകൾ ഖഇആ ഉപയോഗിച്ച് തകർത്തതും ഇവിടെ ഇടതുപക്ഷ എന്ന് മേനി നടിച്ച് ഭരിക്കുന്ന കൃഷ്ണൻ കുട്ടി മന്ത്രിയും തങ്ങളിൽ എന്ത് മാറ്റമാണ് ഒരു ഉളുപ്പും ഇല്ലാതെ താങ്കൾ എന്തോ മഹാകാര്യം ചെയ്തു എന്ന തരത്തിൽ ബിജുവിന്റെ ചെയ്തികൾ വിളംബരം ചെയ്യാൻ ഒരു മന്ത്രിയും.' - അദ്ദേഹം കുറിച്ചു.




ക്രിമിനൽ കേസ് എടുക്കുന്നതിന് പകരം കണക്ഷൻ വിച്ഛേദിക്കുക എന്ന ശിക്ഷ ഏതു നിയമപുസ്തകത്തിലാണ് ഉള്ളതെന്ന് ശ്രീധര ഉണ്ണി എന്ന യൂസർ ചോദിച്ചു.

'യോഗിയാണോ കേരളം ഭരിക്കുന്നത്. ഒരു ബുൾഡോസർ വിളിച്ച് ആ വീടും അങ്ങ് പൊളിച്ചാലോ രാജാവേ', 'ഇതിപ്പൊ യോഗി യു.പി യിൽ നടത്തുന്ന ബുൾഡോസർ രാജ് പോലെ ആയല്ലോ? കുറ്റക്കാരെ ശിക്ഷിക്കണം ,അല്ലാതെ അവരുടെ വീട്ടുകാരെ അല്ല. എംഡി രാജാവ് ചമയരുത്.', 'വൈദ്യുതി വെള്ളം തുടങ്ങിയ ജനങ്ങളുടെ മൗലികാവകാശമാണ്. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം, പക്ഷെ അവരുടെ കുടുംബാംഗങ്ങളുടെ മൗലികാവകാശം തടയാൻ ആർക്കാണ് അധികാരം?'- എന്നിങ്ങനെ പോകുന്നു കമന്റുകൾ.




അതിനിടെ, സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കുടുംബത്തിന് നേരെയുണ്ടായത് മനുഷ്യാവകാശ ലംഘനം ആണെന്നാരോപിച്ച് നാട്ടുകാർ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയിട്ടുമുണ്ട്. കെഎസ്ഇബി ഓഫീസിലേക്ക് ഞായറാഴ്ച വൈകിട്ട് യൂത്ത് കോൺഗ്രസ് റാന്തൽ കത്തിച്ച് പ്രതിഷേധം നടത്തുന്നുണ്ട്.

Related Tags :
Similar Posts