ബയോബിൻ വിതരണത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കമ്പനിയുടെ പ്രവർത്തനം കമ്മീഷൻ ഏജന്റായി
|നഗരസഭകളുമായി കരാറുണ്ടാക്കുന്നത് ഐ.ആര്‍.ടി.സി ആണെങ്കിലും സ്വകാര്യ കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കുകയാണ്
കൊച്ചി: തദ്ദേശസ്ഥാപനങ്ങളിലെ ബയോബിൻ വിതരണത്തിൽ നഗരസഭകളുമായി കരാറുണ്ടാക്കുന്നത് ഐ.ആര്‍.ടി.സി ആണെങ്കിലും സ്വകാര്യ കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കുകയാണ്. ഉപകരാര്‍ ലഭിച്ച കമ്പനികളാണ് നഗരസഭകളില്‍ ബയോബിന്നുകള്‍ എത്തിക്കുന്നത്. കമ്മീഷന്‍ ഏജന്റായി പ്രവര്‍ത്തിച്ച് പരിഷത്തിന്റെ കമ്പനി കോടികളാണ് സമ്പാദിക്കുന്നത്.
നഗരസഭകളുമായും പഞ്ചായത്തുകളുമായും ബയോ ബിന്‍ വിതരണത്തിന് കരാറുണ്ടാക്കിയ ശേഷം അത് മറിച്ചു നല്‍കുന്നതാണ് പരിഷത്തിന്‍റെ കമ്പനിയായ ഐ.ആര്‍.ടി.സിയുടെ രീതി. സര്‍ക്കാര്‍ രേഖകളില്‍ കരാര്‍ നേടുന്നത് ഐ.ആര്‍.ടി.സി ആണെങ്കിലും ബയോ ബിന്‍ എത്തിക്കുന്നതും വിതരണം ചെയ്യുന്നതുമെല്ലാം സ്വകാര്യ കമ്പനികളാണ്. കോയമ്പത്തൂര്‍ ആസ്ഥാനമായ 'ഒമേഗ' കമ്പനിക്കാണ് കൂടുതല്‍ ഉപകരാറും ലഭിച്ചത്.
2021ല്‍ ആലപ്പുഴ നഗരസഭയില്‍ ഐ.ആര്‍.ടി.സിക്കാണ് കരാര്‍ ലഭിച്ചത്. 1800 രൂപ നിരക്കില്‍ ഐ.ആര്‍.ടി.സിക്ക് നഗരസഭ പണം നല്‍കി. എന്നാല്‍ ഐ.ആര്‍.ടി.സി ഇത് വാങ്ങിയത് 1160 രൂപ നിരക്കിലാണ്. പതിവുപോലെ ഒമേഗ കമ്പനിക്കായിരുന്നു ഉപകരാര്‍. കൊല്ലം വെളിനല്ലൂര്‍ പഞ്ചായത്തിലും 1800 രൂപ നിരക്കില്‍ ഐ.ആര്‍.ടി.സി കരാര്‍ നേടി. വെസ്റ്റേണ്‍ പ്ലാസ്റ്റിക് കമ്പനിക്കായിരുന്നു ഉപകരാര്‍. 848 രൂപ നിരക്കില്‍ ഐ.ആര്‍.ടി.സി വാങ്ങിയ ബയോ ബിന്നാണ് 1800 രൂപക്ക് നല്‍കിയത്.
മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കിയ പ്രസ്ഥാനമാണ് ശാസ്ത്ര സാഹിത്യ പരിഷത്തും ഐ.ആര്‍.ടി.സിയും. എന്നാല്‍ ബയോ ബിന്‍ ഇടപാടുകളില്‍ ഉടനീളും പുറത്തുവരുന്ന ക്രമക്കേടുകള്‍ പരിഷത്തിന് കളങ്കമായി മാറും. അതേസമയം ബയോബിൻ വിതരണം സംബന്ധിച്ച് മീഡിയവൺ പുറത്തുവിട്ട രേഖകൾ നിഷേധിക്കാതെ ഐ.ആര്‍.ടി.സി ഡയറക്ടർ ഡോ.ജെ സുന്ദരേശൻ രംഗത്ത് എത്തി. തന്റെ കാലത്ത് ബയോ ബിന്നുമായി ബന്ധപ്പെട്ട് ഇടപാട് നടന്നിട്ടില്ല. അതിനുമുൻപ് നടന്നതിനെക്കുറിച്ച് അറിയില്ല. രേഖകൾ പരിശോധിച്ച് തെറ്റുകാരുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ഐ.ആര്‍.ടി.സി ഡയറക്ടർ മീഡിയവണിനോട് പറഞ്ഞു.
Watch video report