Kerala
തുല്യതയല്ല, ഏക സിവിൽകോഡിന്റെ ലക്ഷ്യം വർഗീയ ധ്രുവീകരണം: യെച്ചൂരി
Kerala

'തുല്യതയല്ല, ഏക സിവിൽകോഡിന്റെ ലക്ഷ്യം വർഗീയ ധ്രുവീകരണം': യെച്ചൂരി

Web Desk
|
15 July 2023 9:21 AM GMT

പരിഷ്കരണം എല്ലാ സമുദായങ്ങളിലും വേണം. അപ്പോഴാണ് തുല്യത കൈവരിക്കാനാകുകയെന്നും യെച്ചൂരി പറഞ്ഞു.

കോഴിക്കോട്: ഏക സിവിൽകോഡ് നടപ്പാക്കാനുള്ള നീക്കം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രസർക്കാറിന്റെ ഉദ്ദേശ്യം തുല്യത നടപ്പാക്കലല്ല. യുസിസിയിൽ നിന്ന് ആദിവാസികളെയും ക്രിസ്ത്യാനികളെയും ഒഴിവാക്കുമെന്നാണ് അമിത് ഷാ പറയുന്നത്. പരിഷ്കരണം എല്ലാ സമുദായങ്ങളിലും വേണം. അപ്പോഴാണ് തുല്യത കൈവരിക്കാനാകുകയെന്നും യെച്ചൂരി പറഞ്ഞു.

ഏകസിവില്‍കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന് വൈകിട്ട് നാലുമണിയോടെ കോഴിക്കോട് നടക്കും. എൽഡിഎഫ് നേതാക്കൾക്കൊപ്പം മുസ്ലിം- ക്രിസ്ത്യന്‍ -ദലിത് സംഘടനാ നേതാക്കളും സെമിനാറിന്റെ ഭാഗമാകും. സീതാറാം യെച്ചൂരിയാണ് സെമിനാർ ഉദ്‌ഘാടനം ചെയ്യുക.

എല്‍ ഡി എഫിലെ വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റർ, എളമരം കരീം ഇ കെ വിജയന്‍ ജോസ് കെ മാണി ശ്രേയാംസ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. രണ്ടു വിഭാഗം സമസ്തകളെ പ്രതിനിധീകരിച്ച് സി മുഹമ്മദ് ഫൈസി, എന്‍ അലി അബ്ദുല്ല , ഉമർഫൈസി, പി എം അബ്ദുസലാം ബാഖവി തുടങ്ങിയവർ സെമിനാറില്‍ സംസാരിക്കും. മുജാഹിദ് സംഘടനാ നേതാക്കളും എം ഇ എസും സെമിനാറിന്റെ ഭാഗമാകും. താമരശ്ശേരി രൂപതയുടെ സി എസ് ഐ സഭയുടെയും പ്രതിനിധികളാണ് ക്രിസ്ത്യന്‍ വിഭാഗത്തെ പ്രതിനിധീകരിക്കുക. പുന്നല ശ്രീകുമാർ, രാമഭദ്രന്‍ തുടങ്ങി ദലിത് നേതാക്കളും എസ് എന്‍ ഡി പി പ്രതിനിധിയും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. സെമിനാറിനെ വലിയ വിജയമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സി പി എം.

കോൺഗ്രസിനെ മാറ്റി നിർത്തി മുസ് ലിം ലീഗിനെ മാത്രം സെമിനാറിലേക്ക് ക്ഷണിച്ചതോടെയാണ് സി പി എം സെമിനാർ ചർച്ചകളില്‍ നിറഞ്ഞത്. ലീഗ് പങ്കെടുക്കില്ലെന്ന് അറിയിച്ചത് സിപി എമ്മിന് തിരിച്ചടിയായി. ലീഗിനെ ക്ഷണിച്ചത് സി പി ഐയുടെ അതൃപ്തിക്ക് വഴിവെക്കുകയും ചെയ്തു. സെമിനാറില്‍ പങ്കെടുക്കുമ്പോഴും സമസ്തയുടെ ഭാഗമായ നേതാക്കള്‍ നടത്തുന്ന വിമർശം മറ്റൊരു തലവേദനായായിരുന്നു.

Similar Posts