'കമ്മ്യൂണിസത്തിന് മത വിശ്വാസത്തെയും വിശ്വാസികളെയും അംഗീകരിക്കാനാവില്ല'; ജമാഅത്തെ ഇസ്ലാമി
|'സർ ചക്രവർത്തിയിൽ നിന്നും ഉസ്മാൻ(റ)വിന്റെ മുസ്ഹഫ് വാങ്ങിത്തരാമെന്ന് പറഞ്ഞ് മുസ്ലിംകളെ യുദ്ധമുഖത്തിറക്കിയ ലെനിന്റെയും സ്റ്റാലിന്റെയും അതേ തന്ത്രം തന്നെയാണ് സി.പി.എമ്മിന്റെ പുതിയ നിലപാട്'
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മതവിശ്വാസികൾക്ക് ചേർന്നു പ്രവർത്തിക്കാമെന്ന പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ ജമാഅത്തെ ഇസ്ലാമി. മതവിശ്വാസികൾക്ക് മുമ്പിൽ തങ്ങളുടെ മുഖംമൂടി അഴിഞ്ഞ് വീഴുന്നതിലുള്ള ജാള്യതയുമാണ് കോടിയേരിയുടെ പ്രസ്താവനയെന്നും ആശയപരമായി കമ്യൂണിസത്തിന് മത വിശ്വാസത്തെയും വിശ്വാസികളെയും അംഗീകരിക്കാനാവില്ലെന്നും ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബുറഹ്മാന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി മുജീബുറഹ്മാന്‍ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ചത്.
സർ ചക്രവർത്തിയിൽ നിന്നും ഉസ്മാൻ(റ)വിന്റെ മുസ്ഹഫ് വാങ്ങിത്തരാമെന്ന് പറഞ്ഞ് മുസ്ലിംകളെ യുദ്ധമുഖത്തിറക്കിയ ലെനിന്റെയും സ്റ്റാലിന്റെയും അതേ തന്ത്രം തന്നെയാണ് സി.പി.എമ്മിന്റെ പുതിയ നിലപാട്. മാർക്സിയൻ തിയറിക്കെതിരിലാണ് സെക്രട്ടറി സംസാരിക്കുന്നത്. അതുകൊണ്ടല്ലേ കമ്മ്യൂണിസം ഭരിച്ച രാജ്യങ്ങളിൽ പള്ളികൾ മ്യൂസിയങ്ങളായി മാറിയത്. മതപഠനകേന്ദ്രങ്ങൾ അടച്ച് പൂട്ടിയത്. വിശ്വാസികൾ നാടുകടത്തപ്പെട്ടതും ക്രൂരമായി കൊല ചെയ്യപ്പെടുകയും ചെയ്തത്. ചൈനയിലെ ഉയിഗൂരിൽ പൗരത്വം നിരാകരിക്കപ്പെട്ട് കുടിയിറക്കപ്പെട്ട മുസ്ലിംകളും ചെങ്കൊടി നാട്ടി തകർത്ത ശേഷം ടോയിലറ്റാക്കി മാറ്റിയ മസ്ജിദുകളും ഇരുപത്തൊന്നാം നൂറ്റാണ്ടിലും കമ്യൂണിസം തുടർന്നുപോരുന്ന മുസ്ലിംവിരുദ്ധ ചെയ്തികളുടെ പുതിയ മാതൃകയാണ്-പി മുജീബുറഹ്മാന്‍ പറഞ്ഞു.
നവനാസ്തികതയുടെയും ലിബറലിസത്തിന്റെയും ചുമലിലേറി മുസ്ലിം സാമൂഹ്യ- സാംസ്കാരിക ജീവിതത്തിലേക്കും വിശ്വാസാചാരങ്ങളിലേക്കും കടന്നാക്രമണം നടത്തുന്ന പുതിയ കമ്മ്യൂണിസ്റ്റ് ശൈലി മുസ്ലിം ആദർശ ജീവിതത്തിന് നേരെയുള്ള വെല്ലുവിളി ആണെന്നും വ്യക്തിജീവിതത്തിലെ ധാർമിക പരിധികൾ തകർത്തെറിയുന്ന, കുടുംബം എന്ന മൂല്യവത്തായ സംവിധാനത്തെ നിരാകരിക്കുന്ന, ഉദാര ലൈംഗികതയെ പ്രമോട്ട് ചെയ്യുന്ന, അതിനായി ജെന്റര്‍ ന്യൂട്രൽ സിസ്റ്റത്തിലേക്ക് കേരളത്തിന്റെ സാമൂഹ്യഘടനയെ മാറ്റാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് നീക്കം പ്രകൃതിവിരുദ്ധവും ഇസ്ലാംവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.
പി മുജീബുറഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മതവിശ്വാസികൾക്ക് ചേർന്നു പ്രവർത്തിക്കാമെന്ന സി.പി.എം പാർട്ടി സെക്രട്ടറിയുടെ ഒടുവിലത്തെ പ്രസ്താവന കമ്യൂണിസ്റ്റ് ആശയത്തിന് ഘടകവിരുദ്ധവും മതവിശ്വാസികൾക്ക് മുമ്പിൽ തങ്ങളുടെ മുഖംമൂടി അഴിഞ്ഞ് വീഴുന്നതിലുള്ള ജാള്യതയുമാണ് പ്രകടമാക്കുന്നത്. പ്രത്യയശാസ്ത്ര സംവാദത്തിൽ നിന്ന് കോടിയേരി ഒളിച്ചോടരുത്. ആശയപരമായി കമ്മ്യൂണിസത്തിന് മത വിശ്വാസത്തെയും വിശ്വാസികളെയും അംഗീകരിക്കാനാവില്ല.
പ്രായോഗിക രാഷ്ട്രീയത്തിൽ സാമൂഹ്യ സാഹചര്യത്തിൻ്റെ തേട്ടമെന്ന നിലയിൽ ഇന്ത്യയിലും കേരളത്തിലുമെല്ലാം സി.പി.എമ്മുമായി നിരവധി തവണ രാഷ്ട്രീയ നീക്കുപോക്കുകൾക്ക് സമുദായം വിശാലത കാണിച്ചിട്ടുണ്ട്. സംഘ് പരിവാർ ശക്തി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇനിയും സമാനമായ സന്ദർഭങ്ങർ വന്നേക്കാം, എന്നാൽ സൈദ്ധാന്തികമായ വിലയിരുത്തലിൽ തുറന്നതും സത്യസന്ധവുമായ വിശകലനം അനിവാര്യമാണ്.
അത് കൊണ്ടാണ് സി.പി.എം നിലപാടിനെക്കുറിച്ച് സർ ചക്രവർത്തിയിൽ നിന്നും ഉസ്മാൻ(റ)വിൻ്റെ മുസ്ഹഫ് വാങ്ങിത്തരാമെന്ന് പറഞ്ഞ് മുസ്ലിംകളെ യുദ്ധമുഖത്തിറക്കിയ സഖാവ് ലെനിൻ്റെയും സ്റ്റാലിൻ്റെയും അതേ തന്ത്രം തന്നെയാണെന്ന് പറയേണ്ടി വരുന്നത്. മാർക്സിയൻ തിയറിക്കെതിരിലാണ് സെക്രട്ടറി സംസാരിക്കുന്നത്. അതുകൊണ്ടല്ലേ കമ്മ്യൂണിസം ഭരിച്ച രാജ്യങ്ങളിൽ പള്ളികൾ മ്യൂസിയങ്ങളായി മാറിയത്. മതപഠനകേന്ദ്രങ്ങൾ അടച്ച് പൂട്ടിയത്. വിശ്വാസികൾ നാടുകടത്തപ്പെട്ടതും ക്രൂരമായി കൊല ചെയ്യപ്പെടുകയും ചെയ്തത്. ചൈനയിലെ ഉയിഗൂരിൽ പൗരത്വം നിരാകരിക്കപ്പെട്ട് കുടിയിറക്കപ്പെട്ട മുസ്ലിംകളും ചെങ്കൊടി നാട്ടി തകർത്ത ശേഷം ടോയിലറ്റാക്കി മാറ്റിയ മസ്ജിദുകളും ഇരുപത്തൊന്നാം നൂറ്റാണ്ടിലും കമ്യൂണിസം തുടർന്നുപോരുന്ന മുസ്ലിംവിരുദ്ധ ചെയ്തികളുടെ പുതിയ മാതൃകയാണ്. ഇത്തരം ആശയവും ആഗോള കമ്മ്യൂണിസ്റ്റ് മാതൃകകളും മാറ്റിവെച്ച് കമ്മ്യൂണിസത്തിനും മുസ്ലിം മതന്യൂനപക്ഷത്തിനുമിടയിൽ നടക്കുന്ന ഏതൊരു സംവാദവും കാപട്യമായിരിക്കും.
കേരളത്തിലാകട്ടെ, പളളി കാക്കാൻ രക്തസാക്ഷിയായ തലശ്ശേരിയിലെ കുഞ്ഞിരാമൻ്റെ കഥയാണ് സി.പി.എം എപ്പോഴും പറയാറുള്ളത്. ആ കഥ പൊളിയാൻ പ്രസ്തുത വിഷയത്തിലുള്ള കമ്മീഷൻ റിപ്പോർട്ട് ഒരാവർത്തി വായിച്ചാൽ മാത്രം മതി. നവനാസ്തികതയുടെയും ലിബറലിസത്തിൻ്റെയും ചുമലിലേറി മുസ്ലിം സാമൂഹ്യ- സാംസ്കാരിക ജീവിതത്തിലേക്കും വിശ്വാസാചാരങ്ങളിലേക്കും കടന്നാക്രമണം നടത്തുന്ന പുതിയ കമ്യൂണിസ്റ്റ് ശൈലി മുസ്ലിം ആദർശ ജീവിതത്തിന് നേരെയുള്ള വെല്ലുവിളി തന്നെയാണ്. വ്യക്തിജീവിതത്തിലെ ധാർമിക പരിധികൾ തകർത്തെറിയുന്ന, കുടുംബം എന്ന മൂല്യവത്തായ സംവിധാനത്തെ നിരാകരിക്കുന്ന, ഉദാര ലൈംഗികതയെ പ്രമോട്ട് ചെയ്യുന്ന, അതിനായി ജെന്റര്‍ ന്യൂട്രൽ സിസ്റ്റത്തിലേക്ക് കേരളത്തിൻ്റെ സാമൂഹ്യഘടനയെ മാറ്റാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് നീക്കം പ്രകൃതിവിരുദ്ധമാണ്; മൂല്യവിരുദ്ധമാണ്; അതിനാൽതന്നെ ഇസ്ലാംവിരുദ്ധവുമാണ്.
കമ്മ്യൂണിസം ചരിത്രപരമായി തുടർന്നുപോരുന്ന ഈ മുസ്ലിംവിരുദ്ധ നീക്കങ്ങളെക്കുറിച്ച സമുദായത്തിൻ്റെ തിരിച്ചറിവാണ് പാർട്ടി സെക്രട്ടറിയുടെ പുതിയ പ്രസ്താവനക്ക് നിർബന്ധിത സാഹചര്യമൊരുക്കിയിരിക്കുന്നത്. എന്നാലിത് ലെനിനും സ്റ്റാലിനും അവതരിപ്പിച്ച അവസരവാദ മുസ്ലിം പ്രണയ തിരക്കഥയുടെ പുതിയ കോപ്പിയാണെന്ന് മനസ്സിലാക്കാൻ സമുദായം ഇന്ന് വളർന്നിരിക്കുന്നു എന്നത് മനസ്സിലാക്കുന്നത് നന്ന്.