കമ്മ്യൂണിറ്റി ഹാൾ വിവാദം: പേരിടാനുള്ള അവകാശം പഞ്ചായത്തിനെന്ന് സിപിഎം, പുതുപ്പള്ളിയുടെ വികാരം മാനിക്കണമെന്ന് ചാണ്ടി ഉമ്മൻ
|മിനി സിവിൽ സ്റ്റേഷന്റെ നിർമാണം പൂർത്തിയാകുമ്പോൾ ഉമ്മൻ ചാണ്ടിയുടെ പേര് നിർദ്ദേശിച്ചിട്ടുണ്ടെന്നും സിപിഎം
കോട്ടയം: പുതുപ്പള്ളി കമ്മ്യൂണിറ്റി ഹാളിന് എന്ത് പേര് നൽകണമെന്ന് തീരുമാനിക്കാനുളള അവകാശം ഗ്രാമ പഞ്ചായത്തിനാണെന്ന് സിപിഎം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് വർഗീസ്. എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ഹാളിന്റെ നവീകരണം പൂർത്തിയാക്കിയതെന്നും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയതെന്നും സുഭാഷ് പറഞ്ഞു. നിർമാണവുമായി ബന്ധപ്പെട്ട് നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു ചില്ലിക്കാശ് പോലും എംഎൽഎ നൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇഎംസ് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയാണെന്നും അതിനാലാണ് ഹാളിന് അദ്ദേഹത്തിന്റെ പേര് നൽകിയതെന്നും ഏരിയ സെക്രട്ടറി വ്യക്താക്കി. മിനി സിവിൽ സ്റ്റേഷന്റെ നിർമാണം പൂർത്തിയാകുമ്പോൾ ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് എൽഡിഎഫ് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സംഭവത്തിൽ പുതുപ്പള്ളിയുടെ വികാരം മാനിക്കണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ആവശ്യപ്പെട്ടു. പുതുപള്ളിയിലെ ജനങ്ങളുടെ വികാരം അനുസരിച്ച് തിരുമാനമെടുക്കണമെന്നും 43 വർഷം മുമ്പ് ഹാൾ നിർമിച്ചപ്പോൾ തൻ്റെ പിതാവ് ഉമ്മൻ ചാണ്ടി ആയിരുന്നു എംഎൽഎ എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളി കമ്മ്യൂണിറ്റി ഹാളിന് ഉമ്മൻചാണ്ടിയുടെ പേര് നൽകാതെ ഇഎംഎസ് ന്റെ പേര് നൽകിയ പഞ്ചായത്തിന്റെ നടപടിക്കെതിരെയാണ് കോൺഗ്രസ് രംഗത്തുവന്നത്. എന്നൽ ചാണ്ടി ഉമ്മൻ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് സിപിഎം പ്രതികരിച്ചു.
ഉമ്മൻചാണ്ടി തറക്കല്ല് ഇട്ടതാണ് പുതുപ്പള്ളി ടൗണിലെ കമ്മ്യൂണിറ്റി ഹാൾ. എന്നാൽ നാളിതുവരെ കമ്മ്യൂണിറ്റി ഹാളിന് പേരൊന്നുമിട്ടിരുന്നില്ല. അടുത്തിടെ എൽഡിഎഫ് ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്ത് ഹോൾ നവീകരിച്ചു. പിന്നാലെ ഇഎംഎസിന്റെ പേര് നൽകാനും തീരുമാനിച്ചു. ആദ്യത്തെ മുഖ്യമന്ത്രി എന്ന പേരിലായിരുന്നു ഇഎംഎസിന്റെ പേര് നിർദ്ദേശിച്ചത്. ഇതോടെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത് വന്നു. പഞ്ചായത്ത് കമ്മിറ്റിയിൽ കോൺഗ്രസ് എതിർപ്പുന്നയിച്ചെങ്കിലും ഭൂരിപക്ഷത്തിന്റെ പേരിൽ ഇഎംഎസിന്റെ പേര് ഹാളിന് നൽകാൻ തീരുമാനിച്ചു. ഇതോടെ കടുത്ത വിയോജിപ്പുമായി ചാണ്ടി ഉമ്മനും എത്തി.
പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 23ന് ഉപവാസ സമരം നടത്താൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. 24നാണ് നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം.