ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ടതിന് കമ്പനി ഉടമ ക്വട്ടേഷൻ നൽകി മർദ്ദിച്ചതായി പരാതി
|സംഭവത്തിൽ ഒരാളെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു
ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ടതിന് കമ്പനി ഉടമ ക്വട്ടേഷൻ നൽകി മർദ്ദിച്ചതായി പരാതി. പാലക്കാട് അട്ടപ്പാടി സ്വദേശി പ്രജീഷിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഒരാളെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. പിരായിരി സ്വദേശിയായ റിഫാസാണ് പിടിയിലായത്. പ്രജീഷ് മുമ്പ് ജോലി ചെയ്തിരുന്ന കമ്പനിയുടെ ഉടമ മുജീബ് ഉൾപ്പടെ ഇനിയും ഏഴുപേരെ പിടികൂടാനുണ്ടെന്നാണ് പൊലീസ് അറിയിച്ചു.
കിണാശ്ശേരിയിലുള്ള ഫൈബർ ഡോർ കമ്പനിയിലാണ് പ്രജീഷ് മുൻപ് ജോലി ചെയ്തിരുന്നത്. പിന്നീട് കഞ്ചിക്കോട് വ്യവസായ മേഖലിയിലെ ഒരു കമ്പനിയിലേക്ക് മാറി. പ്രജീഷിന്റെയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരുടേയും ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ട് പഴയ കമ്പനി ഉടമയെ നിരന്തരം വിളിക്കുമായിരുന്നു. ഇതിൽ പ്രകോപിതനായി ഉടമ ക്വട്ടേഷൻ നൽകിയെന്നാണ് യുവാവ് ആരോപിക്കുന്നത്. കഞ്ചിക്കോട് നിന്നും വ്യാഴാഴ്ച്ച രാത്രി പ്രജീഷിനെ വാഹനത്തിൽ കയറ്റിയ ശേഷം ക്രൂരമായി മർദ്ദിച്ച് ആളെഴിഞ്ഞ ഭാഗത്ത് ഇറക്കിവിട്ടതായും തനിക്ക് നേരെ തോക്ക് ചൂണ്ടിയതായും പ്രജീഷ് പറഞ്ഞു. ശരീരമാസകലം മർദ്ദനമേറ്റ പ്രജീഷ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലും ക്വട്ടേഷൻ സംഘത്തിന്റെ ഭീഷണിയുണ്ടെന്നാണ് കുടുംബം പറയുന്നത്.
Complaint that the owner of the company was harassed by giving a quotation for demanding salary arrears in Palakkad.