Kerala
പിങ്ക് പൊലീസ് അപമാനിച്ച പെണ്‍കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി
Kerala

പിങ്ക് പൊലീസ് അപമാനിച്ച പെണ്‍കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

Web Desk
|
22 Dec 2021 11:18 AM GMT

പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണ നേരിട്ട പെൺകുട്ടിക്ക് സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. 25000 രൂപ കോടതി ചെലവും നല്‍കണം. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം. ക്രമസമാധാന പാലന ചുമതലയില്‍ നിന്ന് ഉദ്യേഗസ്ഥയെ മാറ്റി നിര്‍ത്തണം. ജനങ്ങളുമായി ഇടപെടുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നൽകണമെന്നും കോടതി ഉത്തരവിട്ടു.

ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കിയതുപോലെ ഈ കുട്ടിക്കും നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്നും എട്ട് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പരസ്യമായി വിചാരണ നടത്തിയത് അത്യന്തം അപമാനകരമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. നഷ്ടപരിഹാരം സംബന്ധിച്ച് വിശദീകരണം നൽകാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വനിതാ പൊലീസും കുട്ടിയും വീട്ടുകാരും തമ്മിലുള്ള വിഷയം മാത്രമാണിതെന്നും അതുകൊണ്ടു തന്നെ സർക്കാരിന് നഷ്ടപരിഹാരം നൽകാനാവില്ലെന്നുമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. ഭരണഘടനയുടെ 21ാം അനുഛേദം അനുസരിച്ച് കുട്ടി നേരിട്ട മൗലികാവകാശ ലംഘനത്തിനെതിരെ സിവിൽ കോടതിയെ സമീപിക്കാമെന്നും സർക്കാർ അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഇന്ന് ഉത്തരവിട്ടത്.

തിരുവനന്തപുരം ആറ്റിങ്ങലിലാണ് എട്ട് വയസ്സുകാരിയെയും അച്ഛനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ചത്. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യ വിചാരണ. അതേസമയം മൊബൈൽ ഫോൺ പൊലീസ് ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് തന്നെ വൈകാതെ കണ്ടെത്തുകയും ചെയ്തു. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ബുദ്ധിമുട്ട് നിറഞ്ഞ ചുറ്റുപാടിൽ നിന്നാണ് വരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥ വിശദീകരിച്ചു. തന്നെ ആശ്രയിച്ച് കഴിയുന്ന കുടുംബത്തെ കണക്കിലെടുക്കണമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു. മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിലും പ്രതിഷേധം നടന്നിരുന്നു. സ്ഥലം മാറ്റത്തിലൂടെ ഇവരെ രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും കുടുംബം പറഞ്ഞു. സംഭവത്തിനു ശേഷം കുട്ടി മാനസികമായി ഏറെ ബുദ്ധിമുട്ട് നേരിട്ടെന്നും രാത്രിയില്‍ ഞെട്ടി എഴുന്നേക്കാറുണ്ടെന്നും കുടുംബം കോടതിയെ അറിയിച്ചു. സർക്കാരിൽ നിന്നും പൊലിസിൽ നിന്നും നീതി ലഭിക്കാതെ വന്നപ്പോഴാണ് കോടതിയെ സമീപിച്ചതെന്നും ഇപ്പോൾ തനിക്കും മകൾക്കും നീതി ലഭിച്ചെന്നും കേസുമായി മുന്നോട്ട് ഇല്ലെന്നും കുട്ടിയുടെ പിതാവ് ജയചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Related Tags :
Similar Posts