ആഫ്രിക്കന്‍ പന്നിപ്പനി; വയനാട്ടില്‍ ദയാവധത്തിനു വിധേയമാക്കിയ പന്നികളുടെ ഉടമകള്‍ക്കുള്ള നഷ്ടപരിഹാര വിതരണം ചെയ്തു
|ഏഴ് കര്‍ഷകര്‍ക്കായി 37 ലക്ഷം രൂപയാണ് വിതരണം ചെയ്തത്
വയനാട്: ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ചതിനെത്തുടര്‍ന്നു വയനാട്ടില്‍ ദയാവധത്തിനു വിധേയമാക്കിയ പന്നികളുടെ ഉടമകള്‍ക്കുള്ള നഷ്ടപരിഹാര വിതരണം ചെയ്തു. ഏഴ് കര്‍ഷകര്‍ക്കായി 37 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചു റാണി തുക കർഷകർക്ക് കൈമാറി.
വയനാട്ടിൽ ആഫ്രിക്കന്‍ പന്നിപ്പനി പ്രതിരോധത്തിനായി മാനന്തവാടി നഗരസഭയിലും തവിഞ്ഞാല്‍, നെന്മേനി പഞ്ചായത്തുകളിലുമായി 702 പന്നികളെയാണ് ഉന്മൂലനം ചെയ്തത്. ദയാവധത്തിനു വിധേയമാക്കിയ പന്നികളുടെ ഉടമകളായ ഏഴ് കർഷകർക്കായി 37,07,751 രൂപ, കൽപ്പറ്റ പി.ഡബ്ള്യൂ.ഡി റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി കൈമാറി. പന്നി കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. മാനന്തവാടി കുറ്റിമൂലയിലെ ഒരു സ്വകാര്യ ഫാമില്‍ രണ്ട് പന്നികള്‍ കൂടി അസ്വാഭാവികമായി ചത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവയുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.