ദുരിതാശ്വാസ നിധി വകമാറ്റിയ കേസിലെ വിധി അൽഭുതപ്പെടുതുന്നില്ലെന്ന് പരാതിക്കാരൻ ആർ.എസ് ശശികുമാർ
|പാർട്ടി അനുഭാവികൾക്ക് വീതിച്ചു കൊടുക്കാനുള്ളതല്ല ദുരിതാശ്വാസ നിധിയെന്ന് ആർ.എസ് ശശികുമാർ പറഞ്ഞു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിലെ വിധി അൽഭുതപ്പെടുതുന്നില്ലെന്നും ലോകായുക്തമാർ സ്വാധീനിക്കപ്പെട്ടുവെന്നും പരാതിക്കാരൻ ആർ.എസ് ശശികുമാർ. ഇഫ്താർ പാർട്ടിക്ക് മുണ്ടിട്ട് പോയവരാണ് ഈ ജഡ്ജിമാരെന്നും ഈ സഹായത്തിന് ഇവർക്ക് ഭാവിയിൽ പ്രയോജനം ഉണ്ടാകും. ഇതിൽ കൂടുതൽ ഒന്നും ഇവരിൽ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും ലോകായുക്ത മുട്ടിൽ ഇലയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്നും ആർ.എസ് ശശികുമാർ പറഞ്ഞു.
എന്തും ചെയ്യാനുള്ള അധികാരം സർക്കാരിന് ഇല്ല. പാർട്ടി അനുഭാവികൾക്ക് വീതിച്ചു കൊടുക്കാൻ ഉള്ളതല്ല ദുരിതാശ്വാസ നിധി. ക്യാബിനറ്റ് ഒന്നിച്ച് കട്ടാൽ ചോദ്യം ചെയ്യാൻ ആളില്ലെന്നും ശശികുമാർ കുറ്റപ്പെടുത്തി. കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നാളെ ഹർജി നൽകുമെന്നും വേണ്ടിവന്നാൽ സുപ്രീം കോടതി വരെ പോകുമെന്നും ആർ.എസ് ശശികുമാർ പറഞ്ഞു.
മന്ത്രി സഭ അഴിമതിയും സ്വജന പക്ഷപാതവും ചട്ടലംഘനവും നടത്തിയെന്നാണ് ആർ.എസ് ശശികുമാർ അഞ്ചുവർഷം മുമ്പ് നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ മന്ത്രിസഭ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയതായി കണ്ടെത്തുന്നില്ല. ഫണ്ട് നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. മുന്ന് ലക്ഷത്തിന് മുകളിൽ നൽകിയിപ്പോൾ മന്ത്രിസഭ അധികാരം നൽകിയിട്ടുണ്ട് ഇതിലൂടെ ചട്ടം പാലിച്ചിട്ടുണ്ടെന്നും ലോകായുക്ത പറഞ്ഞു. സെക്ഷൻ 14 ( ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ) പ്രകാരം ഡിക്ലറേഷൻ നൽകാൻ തെളിവില്ലെന്നും ലോകായുക്താ കൂട്ടിച്ചേർത്തു.
അതേസമയം നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും ക്യാബിറ്റ് നോട്ട് ഇല്ലാതെ തിടുക്കപ്പെട്ട് സഹായം നൽകിയത് ശരിയായില്ല ലോകായുക്ത വ്യക്തമാക്കി. പരാതി ലോകായുക്തയുടെ നിയമ പരിധിക്ക് പുറത്താണെന്നും മന്ത്രിസഭ തീരുമാനം പരിശോധിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടെന്നും ലോകായുക്ത സിറിയക് ജോസഫ് പറഞ്ഞു. ഹരജിക്കാരന്റെ വാദമുഖങ്ങൾ രണ്ട് ഉപലോകായുക്തമാരും തള്ളി. ഇതോടുകൂടി സർക്കാരിന് പൂർണ്ണമായ ആശ്വാസമാണ് ലഭിക്കുന്നത്. അഞ്ച് വർഷത്തെ നിയമപരിശോധനക്ക് ശേഷമാണ് കേസിൽ ലോകായുക്ത ഫുൾബെഞ്ച് ഇന്ന് വിധി പറഞ്ഞത്. 2018-ൽ ആരംഭിച്ച കേസിൽ കഴിഞ്ഞ മാർച്ച് 31ന് രണ്ടംഗ ബഞ്ചിൻറെ ഭിന്നവിധി വന്നിരുന്നു. ഇതോടെയാണ് മൂന്നംഗബഞ്ച് വാദം കേട്ട് അന്തിമ വിധിയിൽ എത്തിയിരിക്കുന്നത്.