‘നിവിൻ പോളി പറയുന്നത് പച്ചക്കള്ളം’; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരി
|‘പരാതി നൽകിയപ്പോൾ പൊലീസ് സ്റ്റേഷനിൽനിന്ന് നല്ല സമീപനമല്ല ഉണ്ടായത്’
കൊച്ചി: പീഡനാരോപണം നിഷേധിച്ചതിന് പിന്നാലെ നടൻ നിവിൻ പോളിക്കെതിരെ പരാതിക്കാരി. നിവിൻ പറയുന്നത് പച്ചക്കള്ളമാണെന്ന് അവർ ‘മീഡിയവണി’നോട് പറഞ്ഞു. തന്നെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി. ശാരീരികവും മാനസികവുമായി ഉപദ്രവിച്ചുവെന്ന് ആദ്യ പരാതിയിൽ പറഞ്ഞിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.
പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ നല്ല സമീപനമല്ല ഉണ്ടായത്. പീഡനം നടന്നത് വിദേശത്താണ്. അതിനാൽ തെളിവുകൾ കൊണ്ടുവന്നാൽ മാത്രം കേസെടുക്കാമെന്നാണ് പൊലീസ് പറഞ്ഞത്. പ്രത്യേക അന്വേഷണസംഘത്തിൽ വിശ്വാസമുണ്ട്. ഏത് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും പരാതിക്കാരി പറഞ്ഞു.
അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് നിവിൻ പോളിയടക്കമുള്ളവർക്കെതിരെ കേസെടുത്തത്. കഴിഞ്ഞ വർഷം നവംബറിൽ സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് യുവതിയോട് വിദേശത്തേക്ക് വരാൻ ആവശ്യപ്പെടുകയും വിദേശത്തെ ഹോട്ടൽ മുറിയിൽ വെച്ച് നിവിൻ പോളി അടക്കമുള്ളവർ ചേർന്ന് പീഡിപ്പിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.
എറണാകുളം റൂറൽ എസ്.പിക്ക് ലഭിച്ച പരാതി പിന്നീട് ഊന്നുകൽ പൊലീസിന് കൈമാറി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. പ്രാഥമികാന്വേഷണം പൂർത്തിയായതോടെയാണ് നിവിനെതിരെ കേസെടുത്തത്. ആകെ ആറ് പ്രതികളാണുള്ളത്. ഇതിൽ ആറാം പ്രതിയാണ് നിവിൻ. കേസിൽ ഒന്നാം പ്രതി ശ്രേയയാണ്. നിർമാതാവ് എ.കെ സുനിലാണ് രണ്ടാം പ്രതി. ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് മൂന്നും നാലും അഞ്ചും പ്രതികൾ. പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കും.
അതേസമയം, തനിക്കെതിരെ ഉയർന്ന പീഡന ആരോപണം വ്യാജമാണെന്ന് നടൻ നിവിൻ പോളി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരാതി നൽകിയ പെൺകുട്ടിയെ അറിയില്ല. ആദ്യമായാണ് ഇത്തരത്തിൽ ഒരു ആരോപണം തനിക്കെതിരെ വരുന്നത്. ഇതിൽനിന്ന് ഓടിയൊളിക്കേണ്ട ആവശ്യമില്ല. ന്യായം ഏന്റെ ഭാഗത്താണ്. അതുകൊണ്ടാണ് ഇന്ന് തന്നെ മാധ്യമങ്ങളെ കാണാൻ വന്നത്. നിയമത്തിന്റെ വഴിക്ക് പോകാനാണ് തീരുമാനം. രാജ്യത്ത് ഇത്തരത്തിൽ ആണുങ്ങൾക്കെതിരെ ഒരുപാട് വ്യാജ പരാതികൾ വരുന്നുണ്ട്. നാളെ ആർക്കെതിരെയും ഇത്തരത്തിൽ ആരോപണം വരാം. അവർക്കെല്ലാം വേണ്ടിയാണ് താൻ സംസാരിക്കുന്നത്. ഏത് അന്വേഷണവുമായും സഹകരിക്കാൻ തയാറാണെന്നും നിവിൻ പോളി പറഞ്ഞു.