പരാതിക്കാരിയുടെ ലക്ഷ്യം ബ്ലാക്മെയിലിങ്, താൻ നിരപരാധി; മുകേഷ് കോടതിയിൽ
|നടിയുമായുള്ള വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും കോടതിയിൽ സമർപ്പിച്ചു
കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധം കനത്തതോടെ താൻ നിരപരാധിയെന്ന് മുകേഷ് എം.എൽ.എ കോടതിയിൽ. ബ്ലാക്മെയിൽ ചെയ്യുകയാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്നും 15 വർഷം മുൻപുള്ള സംഭവത്തിലാണ് ഇപ്പോഴത്തെ പരാതിയെന്നും മുകേഷ് കോടതിയിൽ പറഞ്ഞു. 2009 മാർച്ച് ഏഴിന് പരാതിക്കാരി ഇ- മെയിൽ അയച്ചിരുന്നു.
വർഷങ്ങൾക്ക് മുമ്പ് അവർ ഒരുലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിനായി വാട്സ്ആപ് വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകി. മുകേഷ് കോടതിയിൽ പറഞ്ഞു. നടി തനിക്ക് അയച്ച വാട്ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും മുകേഷ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് മുകേഷിന്റെ വാദം.
താൻ നിരപരാധിയാണെന്ന് വിശദീകരിച്ച് മുകേഷ് മുഖ്യമന്ത്രിക്കും കത്ത് നൽകിയിരുന്നു. ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്യമന്ത്രിയോടും വിശദീകരിച്ചത്. നടി അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. ഇന്നലെയാണ് മുകേഷ് വിശദീകരണം നൽകിയത്.
അതിനിടെ മുകേഷിന്റെ അറസ്റ്റ് കോടതി തടഞ്ഞു. കേസിൽ വിശദമായ വാദം കേൾക്കുന്ന അടുത്തമാസം 3 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദേശം. കേസിൽ മുൻകൂർ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് മുകേഷ് കോടതിയെ സമീപിച്ചിരുന്നു. പക്ഷെ കോടതി ജാമ്യം നൽകിയില്ല. പകരം അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്.