സിപിഎം പാർട്ടി കോൺഗ്രസ് വേദി നിർമാണത്തിന് വിലക്ക്
|നിർമാണ പ്രവൃത്തികൾക്ക് ചില സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അത് പരിഹരിക്കുമെന്ന് എം വി ജയരാജൻ
സിപിഎം പാർട്ടി കോൺഗ്രസിന്‍റെ വേദി നിർമാണത്തിന് കന്‍റോൻമെന്‍റ് ബോർഡിന്‍റെ വിലക്ക്. ബർണശേരിയിലെ നായനാർ അക്കാദമിയിൽ ടെൻ സൈൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിക്കുന്ന പന്തലിനാണ് കന്‍റോൻമെന്‍റ് ബോർഡ് അനുമതി നിഷേധിച്ചത്. നിർമാണത്തിന് തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിയുണ്ടെന്നും സാങ്കേതിക തടസങ്ങൾ പരിഹരിക്കുമെന്നുമാണ് സിപിഎം വിശദീകരണം.
സിപിഎം പാർട്ടി കോൺഗ്രസിന്‍റെ പ്രതിനിധി സമ്മേളനത്തിനായാണ് 34000 ചതുരശ്ര മീറ്ററിൽ പ്രത്യേക പന്തൽ നിർമിക്കുന്നത്. പാർട്ടി കോൺഗ്രസിന് ശേഷവും ഉപയോഗിക്കാവുന്ന തരത്തിൽ ടെൽ സൈൽ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമാണം. എന്നാൽ സി ആർ ഇസഡ് ടു വിൽ ഉൾപ്പെടുന്ന ഇവിടെ തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ഇല്ലാതെ നിർമാണ പ്രവൃത്തി നടത്തുന്നു എന്നാരോപിച്ചാണ് കണ്ണൂർ കന്‍റോൻമെന്‍റ് ബോർഡ് നിർമാണം വിലക്കിയത്.
പന്തൽ നിർമിക്കുന്നത്തിന് നൽകിയ അനുമതി ഉപയോഗിച്ചാണ് സംഘടകർ പുതിയ നിർമാണ പ്രവൃത്തി നടത്തുന്നതെന്നും ഇത് അനുവദിക്കില്ലെന്നും അറിയിച്ച് കന്‍റോൻമെന്‍റ് സിഇഒ ആണ് നോട്ടീസ് നൽകിയത്. തീരദേശ പരിപാലന അതോറിറ്റിയുടെ മുൻകൂർ അനുമതി ഇല്ലാതെ നിർമാണ പ്രവൃത്തികൾ അനുവദിക്കില്ലെന്നും നോട്ടീസിൽ പറയുന്നു. നോട്ടീസ് ലഭിച്ചെന്നും നിയമനുസൃതമായി ഇതിന് മറുപടി നൽകുമെന്നും സംഘടക സമിതി ചെയർമാൻ കൂടിയായ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു പാർട്ടി കോൺഗ്രസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വേദി നിർമാണം തടഞ്ഞ കന്‍റോൻമെന്‍റ് ബോർഡ് നടപടി സംഘാടക സമിതിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഏപ്രില്‍ 6 മുതല്‍ 10 വരെയാണ് സിപിഎമ്മിന്‍റെ 23ആം പാര്‍ട്ടി കോണ്‍ഗ്രസ്. ഏപ്രിൽ അഞ്ചിന് വൈകിട്ട് പൊതുസമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. ഇ കെ നായനാർ അക്കാദമിയിൽ പ്രത്യേകം തയ്യാറാക്കിയ ഹാളിലാണ് പ്രതിനിധി സമ്മേളനം നടക്കുക.
പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള കൊടിമരം കയ്യൂരിൽ നിന്നും പതാക വയലാറിൽ നിന്നും ജാഥകളായി എത്തിക്കും. കേന്ദ്രകമ്മറ്റിയംഗം പി കെ ശ്രീമതി ലീഡറും സംസ്ഥാന കമ്മറ്റിയംഗം കെ പി സതീഷ്‌ചന്ദ്രൻ മാനേജറുമായ കൊടിമര ജാഥ ഏപ്രിൽ അഞ്ചിന് രാവിലെ 9 ന് കേന്ദ്രകമ്മറ്റിയംഗം പി കരുണാകരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് ലീഡറും സംസ്ഥാന കമ്മറ്റിയംഗം സി ബി ചന്ദ്രബാബു മാനേജറുമായ പതാക ജാഥ ഏപ്രിൽ ഒന്നിന് രാവിലെ എട്ടിന് പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും. പ്രധാന കേന്ദ്രങ്ങളിൽ ജാഥകൾക്ക് സ്വീകരണം നൽകും.