Kerala
റാങ്ക് ലിസ്റ്റിലുള്ളവർ പുറത്ത്, കരാറുകാർ അകത്ത്; എൻഎച്ച്എമ്മിൽ കരാർ നീട്ടുന്നതായി പരാതി
Kerala

റാങ്ക് ലിസ്റ്റിലുള്ളവർ പുറത്ത്, കരാറുകാർ അകത്ത്; എൻഎച്ച്എമ്മിൽ കരാർ നീട്ടുന്നതായി പരാതി

Web Desk
|
30 Sep 2022 2:14 PM GMT

പത്ത് വർഷത്തിലേറെയായി നിരവധി പേരാണ് ഇത്തരത്തിൽ ജോലി ചെയ്യുന്നത്.

കോഴിക്കോട്: നാഷണൽ ഹെൽത്ത് മിഷനിൽ കരാർ നിയമനങ്ങൾ അനധികൃതമായി നീട്ടിനൽകുന്നു. നാനൂറിലധികം ഡോക്‌ടർമാർക്കാണ് ഇത്തരത്തിൽ കരാർ നീട്ടി നൽകിയത്. പത്ത് വർഷത്തിലേറെയായി നിരവധി പേരാണ് ഇത്തരത്തിൽ ജോലി ചെയ്യുന്നത്.

ഏറ്റവും കൂടുതൽ പേർക്ക് കരാർ നീട്ടി നൽകിയത് കോഴിക്കോട് ജില്ലയിലാണ്. 31 പേരാണ് കോഴിക്കോട് ജില്ലയിൽ അനധികൃത കരാർ നിയമനത്തിലൂടെ ജോലിചെയ്യുന്നത്. സംസ്ഥാനത്താകെ 408 പേർ ഇത്തരത്തിൽ ജോലി ചെയ്യുന്നുണ്ട്. ഓരോ ജില്ലകളിലും ഇരുപതിലേറെ ആളുകൾ കരാർ നിയമങ്ങളിലൂടെ വർഷങ്ങളായി ജോലി ചെയ്യുന്നുണ്ട്.

സാധാരണഗതിയിൽ നാഷണൽ ഹെൽത്ത് മിഷനിൽ ഓരോ വർഷത്തേക്കുള്ള കരാറിലാണ് ഡോക്ടർമാരെ നിയമിക്കേണ്ടത്. മാർച്ച് 31നാണ് കരാർ അവസാനിക്കുക. എന്നാൽ, കാലാവധി അവസാനിക്കുമ്പോൾ ഒരു ദിവസത്തെ ഇടവേള നൽകി അപ്രൈസൽ എന്ന പ്രക്രിയയിലൂടെ കടത്തിവിട്ട ശേഷം വീണ്ടും പുനർനിയമനം നൽകുന്ന രീതിയാണ് വർഷങ്ങളായി എൻഎച്ച്എമ്മിൽ നടന്നുകൊണ്ടിരിക്കുന്നത്.

പതിമൂന്ന് വർഷങ്ങളായി ഇത്തരത്തിൽ ജോലി ചെയ്യുന്നവരുണ്ടെന്ന് മീഡിയാ വണ്ണിന് ലഭിച്ച വിവരാവകാശ രേഖകളിൽ വ്യക്തമാകുന്നു. ഓരോ വർഷവും പുതിയ ആളുകൾക്ക് നിയമനം നൽകണമെന്നാണ് ചട്ടമെങ്കിലും ഇതിന് നേരെ കണ്ണടക്കുകയാണ് അധികൃതർ.

പരീക്ഷകൾ നടത്തുന്നതടക്കമുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകൾ പോലും എൻഎച്ച്എമ്മിൽ കൃത്യമായി നടക്കുന്നില്ലെന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നു. ചില സമയങ്ങളിൽ പരീക്ഷകൾ നടത്തി റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചാൽ പോലും ലിസ്റ്റിൽ ഉൾപ്പെടുന്ന ആളുകൾക്ക് നിയമനം നൽകുന്നില്ലെന്ന പരാതിയും വ്യാപകമാണ്. യോഗ്യതയുള്ള നിരവധി ആളുകൾ നിയമനം കാത്ത് പുറത്തുനിൽക്കുമ്പോഴാണ് അനധികൃതമായി എൻഎച്ച്എമ്മിൽ കരാർ നീട്ടി നൽകുന്നത്.

Similar Posts