കോവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കൾക്ക് തെറ്റായ സന്ദേശം നല്‍കി ; ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ വീണ്ടും പരാതി
|ആശുപത്രിയുടെ ഗുരുതര വീഴ്ചയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ വീണ്ടും ഗുരുതര പരാതി. ചികിത്സയിലിരിക്കുന്ന കോവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കൾക്ക് മെഡിക്കൽ കോളജിൽ നിന്ന് തെറ്റായ സന്ദേശം ലഭിച്ചെന്നാണ് ആരോപണം. ഇന്നലെ രാത്രിയാണ് കായംകുളം പള്ളിക്കൽ സ്വദേശി രമണൻ മരിച്ചതായി സന്ദേശം ലഭിച്ചത്.
ആശുപത്രിയിൽ നിന്നുള്ള വിവരപ്രകാരം വീട്ടുകാർ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയും അധികൃതരുടെ നിർദേശാനുസരണം ബന്ധുക്കൾ ആംബുലൻസുമായി ആശുപതിയിലെത്തുകയും ചെയ്തു. എന്നാല്‍, മൃതദേഹം കണ്ടെത്താനായി നടത്തിയ തെരച്ചിലിലാണ് രമണനെ ജീവനോടെ കണ്ടെത്തിയത്. രമണൻ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
അതേസമയം, ആശുപത്രിയുടെ ഗുരുതര വീഴ്ചയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിച്ചു. മുമ്പ് ആശുപത്രിയിൽ മൃതദേഹം മാറി നൽകിയത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ആലപ്പുഴ മെഡിക്കൽ കോളജിൽ ഇത്തരം സംഭവങ്ങള്‍ നിരന്തരമുണ്ടാകുന്നത് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.