Kerala
ഓര്‍ഡര്‍ ചെയ്ത് രണ്ടു ലക്ഷം നഷ്ടമായി; ആമസോണിനെതിരെ പരാതി
Kerala

ഓര്‍ഡര്‍ ചെയ്ത് രണ്ടു ലക്ഷം നഷ്ടമായി; ആമസോണിനെതിരെ പരാതി

Web Desk
|
18 March 2022 2:54 AM GMT

ഗ്രാഫിക് എഡിറ്റിംഗ് സോഫ്റ്റ്‍വെയർ ഓർഡർ ചെയ്ത വയനാട് സ്വദേശിക്കാണ് പണം നഷ്ടമായത്

പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോണിനെതിരെ പരാതിയുമായി വയനാട് സ്വദേശി. ആമസോണിൽ സോഫ്റ്റ്‍വെയർ ഓർഡർ ചെയ്ത യുവാവിന് രണ്ടു ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് പരാതി. ഗ്രാഫിക് ഡിസൈനറായ കൽപ്പറ്റ സ്വദേശി വിഷ്ണു പൊലീസിലും ഉപഭോക്തൃ കോടതിയിലും പരാതി നൽകി.

ഗ്രാഫിക് എഡിറ്റിംഗ് സോഫ്റ്റ്‍വെയർ ഓർഡർ ചെയ്ത കൽപ്പറ്റ മടിയൂർകുനി സ്വദേശിയായ വിഷ്ണുവിനാണ് പണം നഷ്ടമായത്. കമ്പനി പണം വാങ്ങി കബളിപ്പിച്ചതായി ആരോപിച്ച് വിഷ്ണു, സൈബർ പൊലീസിലും ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയിലും പരാതി നൽകി. ഗ്രാഫിക് ഡിസൈനറായ വിഷ്ണു രണ്ടു ലക്ഷം രൂപ മുൻകൂർ നൽകിയാണ് ഗ്രാഫിക് കാർഡ് ഓർഡർ ചെയ്തത്. ജനുവരി 22ന് ഓർഡർ ചെയ്തിട്ടും ഗ്രാഫിക് കാർഡ് ലഭിക്കാൻ വൈകിയപ്പോൾ സംശയം തോന്നിയ വിഷ്ണു കസ്റ്റമർ കെയറിൽ വിളിച്ചെങ്കിലും ഉടൻ ലഭിക്കുമെന്ന് പറഞ്ഞ് സമാധാനിപ്പിക്കുകയായിരുന്നു. ഒടുവിൽ കഴിഞ്ഞയാഴ്ച ഓർഡർ കൈപ്പറ്റിയെന്നും കമ്പനിക്ക് മറ്റ് ഉത്തരവാദിത്വങ്ങളില്ലെന്നും കമ്പനി അറിയിച്ചതായാണ് വിഷ്ണുവിന്‍റെ ആരോപണം.

രണ്ട് ലക്ഷം രൂപ നഷ്ടമാവുകയും ഓർഡർ ചെയ്ത സാധനം ലഭിക്കാതിരിക്കുകയും ചെയ്തതോടെ വലിയ സാമ്പത്തിക പ്രയാസത്തിലാണ് താനെന്നും വിഷ്ണു പറയുന്നു. അതേസമയം ഓർഡർ പ്രകാരമുള്ള സാധനം കൈമാറിക്കഴിഞ്ഞുവെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം.

Related Tags :
Similar Posts