കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ആനിക്കാട് പഞ്ചായത്ത് പൂര്‍ണമായും അടച്ചിടുന്നതായി പരാതി
|പഞ്ചായത്ത് കമ്മറ്റി ചേര്‍ന്നാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്നാണ് ആനിക്കാട് പഞ്ചായത്തിന്‍റെ വിശദീകരണം.
കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പത്തനംതിട്ട ആനിക്കാട് പഞ്ചായത്ത് പൂര്‍ണമായും അടച്ചിടുന്നതായി പരാതി. മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ആനിക്കാട് പഞ്ചായത്തില്‍ മാത്രം ജനങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് പരാതിക്കാര്‍ പറയുന്നു. പഞ്ചായത്ത് കമ്മറ്റി ചേര്‍ന്നാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്നാണ് ആനിക്കാട് പഞ്ചായത്തിന്‍റെ വിശദീകരണം.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് അനിക്കാട് പഞ്ചായത്ത് അടഞ്ഞ് കിടക്കുന്നത്. കോവിഡ് മുന്‍നിര്‍ത്തിയുള്ള സുരക്ഷാ മുന്‍കരുതലുകളും പ്രത്യേക ക്രമീകരണങ്ങളും മറ്റെല്ലാ സ്ഥാപനങ്ങളിലും ഒരുക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും ആനിക്കാട് കാണാനാവില്ലെന്നാണ് പരാതി.
ദൈനംദിന ആവശ്യങ്ങള്‍ക്കെത്തുന്ന പൊതുജനത്തിന് വിശ്രമിക്കാന്‍ നടുറോഡില്‍ ചില കസേരകളിട്ടിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം ജനങ്ങളെയും പുറത്ത് നിര്‍ത്തുന്ന പഞ്ചായത്തില്‍ ചിലര്‍ക്ക് മാത്രം അകത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും പരാതിക്കാര്‍ പറയുന്നു. പഞ്ചായത്ത് മെമ്പര്‍മാരും ജീവനക്കാരും അടക്കം ദൈനംദിനം പ്രവേശിക്കുന്ന ഓഫീസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പോലും വിവിധ യോഗങ്ങള്‍ നടന്നിരുന്നു. അതേസമയം പഞ്ചായത്ത് കമ്മിറ്റി ചേര്‍ന്നാണ് ജനങ്ങളെ പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനമെടുത്തതെന്നും ജനങ്ങളുടെ കാര്യങ്ങള്‍ തടസമില്ലാതെ നടക്കുന്നുണ്ടെന്നുമാണ് പഞ്ചായത്ത് അധികാരികള്‍ നല്‍കുന്ന വിശദീകരണം.