പ്രോട്ടോകോള്‍ ലംഘനം അറിയിക്കണമെന്ന് കോഴിക്കോട് കലക്ടര്‍; മുഖ്യമന്ത്രിക്കെതിരെ പരാതിപ്പൊങ്കാല
|കോവിഡ് പെരുമാറ്റ ചട്ടലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന കോഴിക്കോട് കലക്ടറുടെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ മുഖ്യന്ത്രിക്കെതിരെ പരാതി
കോവിഡ് പെരുമാറ്റ ചട്ടലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന കോഴിക്കോട് കലക്ടറുടെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ മുഖ്യന്ത്രിക്കെതിരെ പരാതിപ്പൊങ്കാല. കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കലക്ടറുടെ ഫേസ് ബുക്ക് പേജിലൂടെയോ നമ്മുടെ കോഴിക്കോട് ആപ്പ്, കോവിഡ് ജാഗ്രതാ പോര്‍ട്ടല്‍ വഴിയോ അറിയിക്കാമെന്നാണ് കലക്ടര്‍ അറിയിച്ചത്. ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കുകയുണ്ടായി.
Posted by Collector Kozhikode on Friday, April 16, 2021
"കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് നിലവിൽ പോസിറ്റീവായ ഒരാൾ വീട്ടിലേക്ക് മറ്റ് മൂന്ന് പേർക്കൊപ്പം യാത്ര ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കമല എന്നാണ് കോവിഡ് പോസിറ്റീവായിരിക്കെ ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് പോയ ആളുടെ പേര്. ഈ കാര്യത്തിൽ എന്തെങ്കിലും നടപടി എടുക്കാൻ പറ്റോ?" എന്നാണ് ഒരാളുടെ ചോദ്യം. 'നടപടി ഇവിടെ നിന്ന് തുടങ്ങാൻ തന്റേടം കാണിക്കൂ', 'നടപടി എടുക്കാന്‍ പറ്റോ സക്കീര്‍ ഭായിക്ക്', 'ശക്തമായ നിയമ നടപടി പ്രതീക്ഷിക്കാമോ'? എന്നെല്ലാമാണ് മുഖ്യമന്ത്രിയുടെ പ്രോട്ടോകോള്‍ ലംഘനമെന്ന വാര്‍ത്ത പങ്കുവെച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.
കോവിഡ് സ്ഥിരീകരിച്ച് ഏഴാം ദിവസമാണ് മുഖ്യമന്ത്രി രോഗമുക്തനായി ആശുപത്രി വിട്ടത്. പ്രോട്ടോകോള്‍ പ്രകാരം പത്താം ദിവസമാണ് പരിശോധന നടത്തി ഡിസ്ചാര്‍ജ് ചെയ്യേണ്ടത്. മുഖ്യമന്ത്രിക്ക് എന്നാണ് കോവിഡ് ബാധിച്ചത് എന്നത് സംബന്ധിച്ചും അവ്യക്തയുണ്ടായി. ഏപ്രില്‍ 4 മുതല്‍ മുഖ്യമന്ത്രിക്ക് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍ലിപ്പല്‍ അറിയിച്ചതോടെ മുഖ്യമന്ത്രി എങ്ങനെ റോഡ് ഷോ നടത്തി, എങ്ങനെ സംഘമായി വോട്ട് ചെയ്യാനെത്തി തുടങ്ങിയ ചോദ്യങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചു. പിന്നാലെ കോവിഡ് പോസിറ്റീവായ ഭാര്യ കമലയ്ക്കൊപ്പം ഒരേ കാറില്‍ മുഖ്യമന്ത്രി വീട്ടിലേക്ക് പോയതും വിവാദമായി.