കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതി മരിച്ച സംഭവം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവന്നേക്കും
|മരുന്ന് മാറി നൽകിയിട്ടില്ലെന്ന് മെഡി.കോളജ് അധികൃതര്‍
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച കൂടരഞ്ഞി സ്വദേശി സിന്ധുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവന്നേക്കും. മരണകാരണത്തെക്കുറിച്ചുള്ള അവ്യക്തത റിപ്പോർട്ട് പുറത്തുവരുന്നതോടെ നീങ്ങും. സിന്ധുവിന് നൽകിയ കുത്തിവെപ്പ് മാറിയതാണ് മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
എന്നാൽ ചികിത്സാപിഴവുണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ വിശദീകരണം.പനി ബാധിച്ചു ചൊവ്വാഴ്ച മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സിന്ധു ഇന്നലെയാണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്‌സിനെതിരെ കടുത്ത ആരോപണങ്ങളാണ് സിന്ധുവിന്റെ ഭർത്താവ് രഘു ഉന്നയിച്ചത്. മരുന്ന് മാറി കുത്തിവെച്ചതാണെന്നും നഴ്‌സിന്റെ ശ്രദ്ധക്കുറവാണ് കാരണമെന്നും രഘു ഇന്നലെ ആരോപിച്ചിരുന്നു.
കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്. തുടർച്ചയായി രണ്ടുതവണ നഴ്സ് സിന്ധുവിന് ഇഞ്ചക്ഷൻ എടുത്തിരുന്നു. പിന്നാലെ സിന്ധു അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ശരീരമാകെ കുഴയുകയും ശരീരം നീലിക്കുന്ന ഒരു അവസ്ഥയുണ്ടായതായും കൂടെയുണ്ടായിരുന്ന രഘു പറയുന്നു. സിന്ധുവിന്റെ വായിൽ നിന്ന് നുരയും പതയും വരികയും കുഴഞ്ഞുവീഴുകയും ചെയ്തുവെന്ന് രഘു പരാതിയിൽ പറയുന്നു.