'കെ. സുധാകരൻ എംപിയെ പട്ടിയുടെ വാലിനോട് ഉപമിച്ചു';എം.വി ജയരാജനെതിരെ പരാതി
|മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തിരുന്നു
കെ സുധാകരനെതിരെ നടത്തിയ പരാമർശത്തിൽ യൂത്ത് കോൺഗ്രസ്സ് സിപിഎം നേതാവ് എം.വി ജയരാജനെതിരെ പരാതി നൽകി. കെ സുധാകരൻ എംപിയെ പട്ടിയുടെ വാലിനോട് ഉപമിച്ചു എന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. എം.വി ജയരാജന്റെ പ്രസ്താവന സമൂഹത്തിൽ കലാപം സൃഷ്ടിക്കാനാണെന്നും പരാതിക്കാർ കുറ്റപ്പെടുത്തി.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തിരുന്നു. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ വിനു വിൻസന്റിന്റെ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്. ഒരു വ്യക്തിയെ നായയോട് ഉപമിക്കുന്നത് അധിക്ഷേപമാണ്, അതുകൊണ്ട് കേസെടുക്കണം എന്നാണ് പരാതിയിൽ പറയുന്നത്.തൃക്കാക്കര മണ്ഡലത്തിൽ മുഖ്യമന്ത്രി ചങ്ങലയിൽനിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ പരാമർശം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ ആക്ഷേപം. പരാമർശം വിവാദമായതോടെ താൻ മലബാറിലെ നാട്ടുഭാഷയിലാണ് സംസാരിച്ചതെന്നും ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ പിൻവലിക്കുന്നുവെന്നും സുധാകരൻ പറഞ്ഞിരുന്നു. സർക്കാർ സംവിധാനങ്ങൾ തെരഞ്ഞെടുപ്പിൽ ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് താൻ പ്രതികരിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
Complaint against MV Jayarajan for defaming K. Sudhakaran MP