അച്ഛനെയും മകളെയും മൊബൈല്‍ മോഷ്ടാക്കളായി ചിത്രീകരിക്കാന്‍ ശ്രമം; പിങ്ക് പൊലീസിനെതിരെ പരാതി
|പിങ്ക് പൊലീസിന്‍റെ വാഹനത്തിൽ നിന്ന് മൊബൈൽ കാണാതായെന്ന് ആരോപിച്ച് മോശമായി പെരുമാറിയെന്ന് പരാതിയിൽ പറയുന്നു
തിരുവനന്തപുരത്ത് അച്ഛനെയും മകളെയും പൊതുമധ്യത്തിൽ മോഷ്ടാക്കളാക്കി ചിത്രീകരിക്കാൻ പിങ്ക് പൊലീസ് ശ്രമിച്ചെന്ന് ആരോപണം. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് മോശമായി പെരുമാറിയെന്നാണ് തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രന്‍റെ പരാതി. മൊബൈൽ ഫോൺ കണ്ടിരുന്നോ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് വിശദീകരിച്ചു.
കഴിഞ്ഞ ദിവസം ആറ്റിങ്ങലിലാണ് പരാതിക്കാസ്പദമായ സംഭവം. ഐ.എസ്.ആർ.ഒയുടെ ഭീമൻ വാഹനം വരുന്നത് കാണാൻ എത്തിയതായിരുന്നു തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവർ നിൽക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിന്‍റെ വാഹനവും പാർക്ക് ചെയ്തിരുന്നു. ഇതിനിടെ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ തന്നോടും മകളോടും മോശമായി പെരുമാറിയെന്ന് ജയചന്ദ്രൻ പറയുന്നു. ഇതിനിടെ പ്രദേശത്തുണ്ടായിരുന്നവരും വിഷയത്തിൽ ഇടപെട്ടു. മൊബൈൽ ഫോൺ പിന്നീട് പൊലീസ് വാഹനത്തിൽ നിന്നും കണ്ടെത്തി.
ഇല്ലാത്ത മോഷണത്തിന്‍റെ പേരിൽ പൊതുമധ്യത്തിൽ മാനസികമായി പീഡിപ്പിച്ചതിന് ഉദ്യോഗസ്ഥക്കെതിരെ നടപടി വേണമെന്ന് ജയചന്ദ്രനും കുടുംബവും ആവശ്യപ്പെട്ടു. ഡി.ജി.പിക്ക് പരാതി നൽകുമെന്ന് ജയചന്ദ്രൻ പറഞ്ഞു. ആരോപണം പിങ്ക് പോലീസ് നിഷേധിച്ചു. വാഹനത്തിന്‍റെ സമീപത്ത് ജയചന്ദ്രനും മകളും നിൽക്കുന്നത് കണ്ടതുകൊണ്ട് ഫോൺ ശ്രദ്ധയിൽ പെട്ടോ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് വിശദീകരിച്ചു.