'കുറ്റവാളിയെ സംരക്ഷിച്ചു': മുന്‍ ഡി.ജി.പി ശ്രീലേഖയ്ക്കെതിരെ കേസെടുക്കണമെന്ന് പരാതി
|നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് യൂ ട്യൂബ് ചാനലില്‍ നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം.
തൃശൂര്‍: മുന്‍ ഡി.ജി.പി ആര് ശ്രീലേഖക്കെതിരെ കേസെടുക്കണമെന്ന് പരാതി. മനുഷ്യാവകാശ പ്രവർത്തക കുസുമം ജോസഫ് ആണ് പരാതി നൽകിയത്. തൃശൂർ റൂറൽ പൊലീസ് മേധാവിക്ക് പരാതി കൈമാറി. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് യൂ ട്യൂബ് ചാനലില്‍ നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം.
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനി മറ്റു ചില നടിമാരെയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി ആര്.ശ്രീലേഖ യൂ ട്യൂബ് ചാനലില്‍ വെളിപ്പെടുത്തിയിരുന്നു. പൾസർ സുനി നിരന്തര പീഡകനാണെന്ന് അറിഞ്ഞിട്ടും പൊലീസ് ഓഫീസര്‍ എന്ന നിലയിൽ ശ്രീലേഖ എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് പരാതിയില്‍ ചോദിക്കുന്നു. ശ്രീലേഖ കുറ്റവാളിയെ സംരക്ഷിക്കുകയായിരുന്നു. പള്‍സര്‍ സുനിക്കെതിരെ നടപടി എടുത്തിരുന്നെങ്കിൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കില്ലായിരുന്നുവെന്നും കുസുമം ജോസഫ് പരാതിയില്‍ ചൂണ്ടിക്കാട്ടി.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പിന്തുണച്ചാണ് ശ്രീലേഖ രംഗത്തെത്തിയത്. കേസിൽ ദിലീപിനെ സംശയിക്കത്തക്കതായി യാതൊന്നുമില്ലെന്ന് പറഞ്ഞ ശ്രീലേഖ, അന്വേഷണസംഘത്തിന് നേരെ ഗുരുതര ആരോപണവും ഉയർത്തി. കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽ നിന്ന് ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്തെഴുതിയത് സുനിയല്ല. സഹതടവുകാരൻ വിപിൻ ലാലാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു.
പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കിയതാണെന്നും ശ്രീലേഖ പറയുന്നു. ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് താൻ പറഞ്ഞപ്പോൾ ഒരു സീനിയർ ഉദ്യോഗസ്ഥൻ സമ്മതിച്ചുവെന്നാണ് ശ്രീലേഖ പറയുന്നത്. പൾസർ സുനി മുന്‍പും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാം. കരിയര്‍ തകര്‍ച്ചയും മാനഹാനിയും ഭയന്നാണ് സംഭവം പുറത്തുപറയാതെ പണം കൊടുത്ത് സെറ്റില്‍ ചെയ്തതെന്ന് നടിമാര്‍ പറഞ്ഞെന്നും ശ്രീലേഖ യൂ ട്യൂബ് ചാനലില്‍ പറഞ്ഞു.