ഹാജർ ഇല്ലാതിരുന്നിട്ടും എസ്എഫ്ഐ സെക്രട്ടറിക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയെന്ന് ഗവർണർക്ക് പരാതി
|പരീക്ഷയെഴുതാനായി ആർഷോക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നാളെ മുതൽ അടുത്ത മാസം മൂന്നുവരെയാണ് ജാമ്യം. പരീക്ഷയെഴുതാനല്ലാതെ എറണാകുളം ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോക്ക് ചട്ടങ്ങൾ മറികടന്ന് പരീക്ഷ എഴുതാൻ ഹാൾടിക്കറ്റ് നൽകിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകി. പരീക്ഷ എഴുതാനുള്ള ഹാജർ ആർഷോക്കില്ലെന്നും നാൽപ്പതോളം കേസുകളിൽ പ്രതിയായ ആർഷോക്ക് ജാമ്യം നേടാനായി കോളജ് അധികൃതർ വ്യാജരേഖ ഉണ്ടാക്കിയാണ് പരീക്ഷ എഴുതാൻ ഹാൾ ടിക്കറ്റ് നൽകിയതെന്നുമാണ് പരാതിയിൽ പറയുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാനാണ് പരാതി നൽകിയത്.
അതിനിടെ പരീക്ഷയെഴുതാനായി ആർഷോക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നാളെ മുതൽ അടുത്ത മാസം മൂന്നുവരെയാണ് ജാമ്യം. പരീക്ഷയെഴുതാനല്ലാതെ എറണാകുളം ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
എറണാകുളം മഹാരാജ് കോളജിൽ ആർക്കിയോളജി ആൻഡ് മെറ്റീരിയൽ സ്റ്റഡീസ് ഇന്റഗ്രേറ്റഡ് പിജി വിദ്യാർഥിയാണ് ആർഷോ. വിദ്യാർഥിയെ ആക്രമിച്ച കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് ഹൈക്കോടതി നേരത്തെ ആർഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം സമാന കുറ്റകൃത്യം ആവർത്തിച്ചെന്നായിരുന്നു പരാതി. വിവിധ കേസുകളിൽ പ്രതിയായ ആർഷോ ജൂൺ 12ന് രാവിലെ കോടതിയിൽ കീഴടങ്ങുകയായിരുന്നു.