'പാർട്ടി വേദികളിൽ നിന്ന് മാറ്റി നിർത്തണം'; ടി.എൻ പ്രതാപനെതിരെ കെ.പി.സി.സിയിലേക്ക് പരാതി പ്രവാഹം
|പ്രതാപനെ മാറ്റിനിർത്തിയില്ലെങ്കിൽ പാർട്ടി വേദികളിൽ ബഹിഷ്കരണമുണ്ടാകുമെന്ന് മുന്നറിയിപ്പ്
തൃശൂർ: തൃശൂരിൽ നിന്ന് കെ.പി.സി.സിയിലേക്ക് പരാതി പ്രവാഹം. മുൻ എം.പി ടി.എൻ പ്രതാപനെതിരെയാണ് പരാതികളെത്തിയത്. പാർട്ടി വേദികളിൽ നിന്ന് പ്രതാപനെ മാറ്റിനിർത്തണമെന്നാണ് ആവശ്യം. ലോക്സഭാ തെരഞ്ഞെടുപ്പിലെ തൃശൂരിലെ തോൽവിക്ക് പിന്നിൽ പ്രതാപനാണെന്നും പരാമർശമുണ്ട്.
പ്രതാപനെ മാറ്റിനിർത്തിയില്ലെങ്കിൽ പാർട്ടി വേദികളിൽ ബഹിഷ്കരണമുണ്ടാകുമെന്ന് മുന്നറിയിപ്പുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ നാളെ തൃശൂരിൽ സംഘടിപ്പിക്കുന്ന കോൺഗ്രസ് ധർണ ഉദ്ഘാടനം ചെയ്യുന്നതിൽ നിന്ന് പ്രതാപനെ മാറ്റണമെന്നും ആവശ്യമുണ്ട്. തൃശൂരിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളാണ് കെ.പി.സി.സി പ്രസിഡന്റിന് പരാതി നൽകിയത്.
തൃശൂരിലെ തോൽവിയുടെ കാരണമന്വേഷിക്കാൻ അന്വേഷണ സമിതി രൂപികരിച്ചിരുന്നു. എന്നാൽ സമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഈ വിഷയത്തിൽ ആരോപണവിധേയനായ ഒരു വ്യക്തി കൂടിയാണ് ടി.എൻ പ്രതാപൻ. പ്രതാപനോടൊപ്പം മുൻ ഡി.സി.സി പ്രസിഡൻ്റ് ജോസ് വള്ളൂർ, മുൻ യു.ഡി.എഫ് ജില്ലാ ചെയർമാനായിരുന്ന എം.പി വിൻസെൻ്റ് എന്നിവർക്കെതിരെയും പരാതികളുണ്ട്.