Kerala
എൽദോസിനെ ന്യായീകരിക്കാൻ കോൺഗ്രസിൽ നിന്ന് ആരും വരില്ല; പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ്
Kerala

'എൽദോസിനെ ന്യായീകരിക്കാൻ കോൺഗ്രസിൽ നിന്ന് ആരും വരില്ല'; പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ്

Web Desk
|
13 Oct 2022 1:45 PM GMT

''കോൺഗ്രസിന്റെ നിലപാട് സിപിഎമ്മിന് പാഠമാണ്''

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിനെതിരെയുള്ള പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതുവരെ എംഎൽഎയെ ബന്ധപ്പെടാനായിട്ടില്ല. ഒളിവിൽ പോകേണ്ട കാര്യമില്ല. എൽദോസിനെ ന്യായീകരിക്കാൻ കോൺഗ്രസിൽ നിന്ന് ആരും വരില്ലെന്നും സതീശൻ പറഞ്ഞു. ഇത്തരം കേസുകളിൽ സിപിഎം എടുത്ത നിലപാട് എന്താണെന്ന് എല്ലാവർക്കും അറിയാം. കോൺഗ്രസിന്റെ നിലപാട് സിപിഎമ്മിന് പാഠമാണെന്നും സതീശൻ കൂട്ടിച്ചേർത്തു

അതേ സമയം യുവതിയുടെ പരാതിയിൽ എൽദോസ് കുന്നപ്പിള്ളിലിനെതിരെ ബലാത്സംഗ കേസും ചുമത്തിയിട്ടുണ്ട്. കേസില്‍ പൊലീസ് നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. ഇതുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ മൊഴിയെടുക്കൽ പൂർത്തിയായിട്ടുണ്ട്. യുവതിയുടെ പരാതിക്ക് പിന്നാലെ എം.എൽ.എ ഓഫീസിൽ വരാതെയും മണ്ഡലത്തിലെ പരിപാടികളിൽ പങ്കെടുക്കാതെയും ഔദ്യോഗിക നമ്പരുകളടക്കം സ്വിച്ച് ഓഫ് ചെയ്തും നാല് ദിവസമായി ഒളിവിലാണ്. അതിനിടെ ഫേസ്ബുക്കിൽ ഏതാനും വരികളെഴുതി ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ചു. പരാതിക്കാരിയെ ക്രിമിനൽ എന്നാണ് എം.എൽ.എ വിശേഷിപ്പിക്കുന്നത്.

എം.എൽ.എയ്‌ക്കെതിരെ പാർട്ടി അന്വേഷണവും തുടരുകയാണ്. എം.എൽ.എയ്‌ക്കൊപ്പം ചേർന്ന് ഭീഷണിപ്പെടുത്താനും കേസൊതുക്കാനും ശ്രമിച്ചെന്ന പരാതിയിൽ കോവളം എസ്.എച്ച്.ഒ ജി.പ്രൈജുവിനെതിരെ വകുപ്പുതല അന്വേഷണവും തുടങ്ങി. പ്രൈജുവിനെ ഇന്നലെ സ്ഥലം മാറ്റിയിരുന്നു.

Related Tags :
Similar Posts