Kerala
complaint of cheating a foreign football player in malappuram
Kerala

ആറ് മാസമായി ശമ്പളവും താമസ സൗകര്യവുമില്ല; മലപ്പുറത്ത് വിദേശ ഫുട്‌ബോൾ താരത്തെ വഞ്ചിച്ചെന്ന് പരാതി

Web Desk
|
11 Jun 2024 11:21 AM GMT

സീസണിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് കളിപ്പിച്ചത്. ഇതുവരെ ഒരു രൂപ പോലും തന്നിട്ടില്ലെന്നും ‌താരം പറയുന്നു.

മലപ്പുറം: മഞ്ചേരിയിൽ സെവന്‍സ് ഫുട്‌ബോള്‍ കളിക്കാനെത്തിയ വിദേശ താരത്തെ പണം നല്‍കാതെ വഞ്ചിച്ചതായി പരാതി. ഐവറികോസ്റ്റ് സ്വദേശി കാങ്ക കൗസി ക്ലൗഡ് എന്ന 24 കാരനാണ് പരാതിയുമായി മലപ്പുറം എസ്.പി ഓഫീസിലെത്തിയത്. മഞ്ചേരിയിലുള്ള ഫുട്ബോൾ ക്ലബ് കഴിഞ്ഞ ആറ് മാസമായി ശമ്പളമോ താമസ സൗകര്യങ്ങളോ നൽകിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. സീസണിൽ രണ്ടു മത്സരങ്ങളിൽ മാത്രമാണ് കളിപ്പിച്ചതന്നും ഇതുവരെ ഒരു രൂപ പോലുംതന്നിട്ടില്ലെന്നും താരം മാധ്യമങ്ങളോട് പറ‍ഞ്ഞു.

ജനുവരിയിലാണ് നെല്ലിക്കൂത്ത് എഫ്.സി എന്ന ക്ലബിന് കളിക്കാനായി ഐവറി കോസ്റ്റ് താരം കാങ്ക കൗസി മലപ്പുറത്ത് എത്തുന്നത്. ഏജന്റായ കെ.പി നൗഫൽ എന്ന വ്യക്തിയുടെ കരാറിലാണ് എത്തിയത്. ഓരോ മത്സരത്തിനും നിശ്ചിത തുക കരാറിൽ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സീസണിൽ ആകെ രണ്ടു മത്സരങ്ങളിൽ മാത്രമാണ് കളിപ്പിച്ചതൊന്നും, വാഗ്‌ദാനം ചെയ്ത താമസമോ ഭക്ഷണമോ ലഭിച്ചില്ലെന്നും ഇതുവരെ പ്രതിഫലവും നൽകിയില്ലെന്നും കാങ്ക കൗസി പറയുന്നു.

വിസാ കാലാവധി തീരാൻ ഇരിക്കെ തിരിച്ചു പോകാനുള്ള ടിക്കറ്റ് പോലും കിട്ടാതെ വന്നതോടെയാണ് പൊലീസിനെ സമീപിച്ചത്. അതെ സമയം നെല്ലിക്കൂത്ത് എഫ്.സിയിടെ പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കിയാണ് താരത്തെ കൊണ്ട് വന്നതെന്നാണ് ക്ലബ്‌ അധികൃതർ നൽകുന്ന വിശദീകരണം. കളിക്കാരനെ നേരത്തെ പരിചയമില്ലെന്നും, മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം അറിയുന്നതെന്നും നെല്ലിക്കൂത്ത് എഫ്.സി അധികൃതർ പറഞ്ഞു. എസ്പി ഓഫീസിൽ എത്തിയ കൗസിക്ക് പോലീസുകാർ ഭക്ഷണം വാങ്ങി നൽകിയപ്പോൾ പൊട്ടികരയുകയായിരുന്നു. തിരികെ നാട്ടിലേക്ക് പോകാനുള്ള സാഹചര്യം ഒരുക്കി നൽകണമെന്നാണ് കാങ്ക കൗസിയ ആവശ്യപ്പെട്ടു.

Similar Posts