ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമ്മിച്ചുവെന്ന പരാതി; HRDS നെതിരെ കേസെടുത്തു
|ഭൂമി പാട്ടത്തിനെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയും കമ്മീഷൻ അന്വേഷിക്കും.
അട്ടപ്പാടിയിൽ ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമ്മിച്ചുവെന്ന പരാതിയിയിൽ എച്ച്.ആര്‍.ഡി.എസിനെതിരെ സംസ്ഥാന SC - ST കമ്മീഷൻ കേസെടുത്തു. ആദിവാസി ഭൂമി പാട്ടത്തിനെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയും കമ്മീഷൻ അന്വേഷിക്കും. എച്ച്.ആര്‍.ഡി.എസിനെക്കുറിച്ചുള്ള പരാതികളിൽ ജില്ല കളക്ടർ, എസ് പി എന്നിവരോട് റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു. എച്ച്.ആര്‍.ഡി.എസിന്റെ നിയമ ലംഘനങ്ങൾ മീഡിയവൺ പുറത്തെത്തിച്ചിരുന്നു.
രണ്ട് ലക്ഷം രൂപ ചെലവ് വരുന്ന വീടുകളാണ് ആദിവാസികൾക്കായി അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിൽ എച്ച്ആർഡിഎസ് നിർമിച്ചത്. എന്നാൽ വന്യമൃഗ ശല്യം കാരണം പല വീടുകളും പൊളിഞ്ഞുപോയിരുന്നു. ഷോളയാർ പഞ്ചായത്തിലെ എൻജിനിയർ വീടുകൾ വാസ യോഗ്യമല്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു.
മീഡിയവൺ വാർത്തയെ തുടർന്ന് എച്ച്ആർഡിഎസ് ഉൾപ്പെടെ മുഴുവൻ സന്നദ്ധ സംഘടനകൾക്കും ഊരിലേക്ക് കയറുന്നതിന് സബ് കളക്ടറിൽ നിന്ന് മുൻകൂട്ടി അനുമതി നൽകണമെന്നും നിബന്ധന വെച്ചിരുന്നു. ഒറ്റപ്പാലം സബ് കളക്ടർ എച്ച്ആർഡിഎസിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച് അന്വേഷിച്ച കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതുടർന്നാണ് പട്ടികജാതി കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്.
അതേസമയം, സ്വപ്ന സുരേഷിന് ജോലി നല്‍കിയ എച്ച്.ആര്‍.ഡി.എസ് എന്ന എന്‍.ജി.ഒ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന. മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ എസ്. കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒയാണ് അട്ടപ്പാടി കേന്ദ്രീകരിച്ചുള്ള ഹൈറേഞ്ച് റൂറല്‍ ഡെവല്‍പ്പ്മെന്‍റ് സൊസൈറ്റി. ഗുരു ആത്മനമ്പി(ആത്മജി)യാണ് എച്ച്.ആര്‍.ഡി.എസിന് മാര്‍ഗനിര്‍ദേശം നല്‍കുന്നത്. ആര്‍.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും പ്രധാന നേതാക്കളാണ് ഇതിന്‍റെ പ്രധാന പദവികള്‍ അലങ്കരിക്കുന്നത്.
എന്നാൽ കഴിവുള്ളതിനാലാണ് എച്ച്ആർഡിഎസിൽ ജോലി കിട്ടിയതെന്നും നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദത്തെ കുറിച്ച് അറിയില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. സ്ഥാപനവുമായി നേരത്തെ ബന്ധമില്ലെന്നും എന്നാൽ വെള്ളിയാഴ്ച മുതൽ അവിടുത്തെ ജീവനക്കാരിയാണെന്നും സ്വപ്‌ന പറഞ്ഞു.