മരിച്ച 'അന്നമ്മ'യുടെ പേരിൽ മരുമകൾ 'അന്നമ്മ' വോട്ട് ചെയ്തു; ആറന്മുളയിലും കള്ളവോട്ടെന്ന് പരാതി
|വാർഡ് മെമ്പറും ബൂത്ത് ലെവൽ ഓഫീസറും ഒത്തു കളിച്ചെന്ന് കാണിച്ച് എൽഡിഎഫ് പരാതി നല്‍കി
പത്തനംതിട്ട: ആറന്മുളയിൽ മരിച്ചയാളുടെ പേരിൽ കള്ളവോട്ട് ചെയ്തെന്ന് പരാതി. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരിൽ മരുമകൾ അന്നമ്മ വോട്ട്ചെയ്തുവെന്നാണ് ആരോപണം. വാർഡ് മെമ്പറും ബൂത്ത് ലെവൽ ഓഫീസറും ഒത്തു കളിച്ചെന്ന് കാണിച്ച് എൽഡിഎഫ് ജില്ലാ കലക്ടർക്ക് പരാതി നൽകി.
94 കാരിയായ അന്നമ്മ ആറുവർഷം മുൻപ് മരിച്ചെന്നാണ് എൽ.ഡി.എഫ് നല്‍കിയ പരാതിയില്‍ പറയുന്നു. ആറുവര്‍ഷം മുന്‍പ് മരിച്ച അന്നമ്മയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാത്തതില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ പറയുന്നു. 85 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വീട്ടിലെത്തി വോട്ട് ചെയ്യാനുള്ള സംവിധാനം ദുരുപയോഗം ചെയ്താണ് വോട്ട് രേഖപ്പെടുത്തിയതെന്നും പരാതിയിലുണ്ട്.
അതേസമയം, സംഭവത്തില്‍ തെറ്റുപറ്റിയെന്ന് ബി.എൽ.ഒ പറയുന്നു. കിടപ്പ് രോഗിയായ മരുമകൾ അന്നമ്മയ്ക്കാണ് വോട്ടിന് അപേക്ഷിച്ചത്.പക്ഷേ,സീരിയൽ നമ്പർ മാറി എഴുതി തനിക്ക് തെറ്റുപറ്റി. അത് താന്‍ ശ്രദ്ധിച്ചില്ലെന്നും മരിച്ച അന്നമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ പലതവണ അപേക്ഷ നൽകിയതാണെന്നും ബി.എല്‍.ഒ പറഞ്ഞു.
നേരത്തെ കോഴിക്കോട് പെരുവയലിൽ ആളുമാറി വോട്ട് ചെയ്ത സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സ്പെഷ്യൽ പോളിങ്ഓഫീസർ, പോളിങ് ഓഫീസർ,മൈക്രോ ഒബ്സർവർ, ബൂത്ത് ലെവൽ ഓഫീസർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരെ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് ജില്ലാ കലക്ടർ നിർദേശം നൽകി.