കോഴിക്കോട്ട് പൂജാ സാധനങ്ങൾ വിൽക്കുന്ന കടക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന് പരാതി
|ശല്യം രൂക്ഷമായതോടെ കച്ചവടം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കടയുടമ
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങണ്ണുരിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന് പരാതി. ശല്യം രൂക്ഷമായതോടെ കച്ചവടം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കടയുടമ.
കോഴിക്കോട് ഇരിങ്ങണ്ണൂർ ശിവക്ഷേത്രത്തിന് സമീപത്തെ മീത്തലെ കുടത്തിൽ രാഘവന്റെ പൂജ സാധനങ്ങൾ വിൽക്കുന്ന കടക്ക് നേരെയാണ് സാമൂഹ്യ വിരുദ്ധ ശല്യം. കഴിഞ്ഞ രണ്ട് മാസമായി രാത്രി കട പൂട്ടി വീട്ടിലേക്ക് മടങ്ങി രാവിലെ കട തുറക്കാനെത്തിയാൽ കടയുടെ പൂട്ടിനുള്ളിൽ പശയും മറ്റും മൊഴിച്ച് പൂട്ട് തുറക്കാൻ കഴിയാറില്ല. പൂട്ട് തല്ലി പൊട്ടിച്ചാണ് കട തുറക്കാറ് . ഇത്തരത്തിൽ രണ്ട് മാസത്തിനിടെ 1400 രൂപയ്ക്ക് പത്ത് പൂട്ടുകളാണ് വാങ്ങിയത്.
കടയുടെ പിൻഭാഗത്തെ എയർ ഹോൾസ് വഴി ചെളിമണ്ണും പെയിൻ്റും കടക്കുള്ളിൽ ഒഴിച്ച് കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. കടയുടെ മെയിൻ സ്വിച്ചിലെ ഫ്യൂസുകളും ഊരിക്കൊണ്ടുപോയ നിലയിലാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായുള്ള പൂജാ സാധനങ്ങളും മറ്റു മാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിക്കുന്നത്. പ്രായമായതോടെ ആശാരിപ്പണി നിർത്തി പൂജാ സാധനങ്ങൾ വിറ്റ് തുച്ഛമായ വരുമാനം കൊണ്ട് കഴിയുന്ന രാഘവന് ജീവിതം തന്നെ വഴിമുട്ടിയ നിലയിലാണ്. രാഘവൻ നാദാപുരം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കടയിലെത്തി പരിശോധന നടത്തി.