Kerala
ദുബൈയിൽ ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്തെന്ന് പരാതി; തട്ടിപ്പിനിരയാക്കിയത് മ്യാൻമറിലെത്തിച്ച്
Kerala

ദുബൈയിൽ ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്തെന്ന് പരാതി; തട്ടിപ്പിനിരയാക്കിയത് മ്യാൻമറിലെത്തിച്ച്

Web Desk
|
3 Nov 2024 1:27 AM GMT

മ്യാൻമറിലെ ഓൺലൈൻ തട്ടിപ്പ് കേന്ദ്രത്തിൽ പ്രവർത്തിക്കാനാണ് മലയാളികളെ കൊണ്ടുപോയത്

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയിൽനിന്ന് മനുഷ്യക്കടത്ത് നടത്തിയതായി പരാതി. ദുബൈയിലെ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് 40,000 രൂപ കൈപ്പറ്റിയ ശേഷം മ്യാൻമറിൽ എത്തിച്ച് തട്ടിപ്പിന് ഇരയാക്കി എന്നാണ് പരാതി. വടുതല സ്വദേശി അടക്കമുള്ളവർക്കെതിരെ എളമക്കര പൊലീസ് കേസെടുത്തു.

എളമക്കര സ്വദേശി അഗസ്റ്റിൻ രാഹുൽ, ചങ്ങനാശ്ശേരി സ്വദേശി ശരത് എന്നിവർ വിദേശത്തെ ജോലിക്കായാണ് വടുതല സ്വദേശിയായ മെറിനെ ബന്ധപ്പെട്ടത്. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡേയ് ടുഡേ എന്ന കമ്പനിയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് മെറിൻ ഇരുവരിൽനിന്നും 40,000 രൂപ വീതം കൈപ്പറ്റി.

എന്നാൽ, പിന്നീട് ദുബൈയിലെ കമ്പനിയിൽ ഒഴിവില്ലെന്നും തായ്‌ലൻഡിലെ കമ്പനിയിൽ ജോലി തരപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. തായ്‌ലൻഡിൽ എത്തിച്ചശേഷം അവിടെനിന്ന് ഒരു വാഹനത്തിൽ മ്യാൻമറിലെ ദ്വീപിലേക്ക് കൊണ്ടുപോയി. മ്യാൻമറിലെത്തിയതോടെയാണ് ഓൺലൈൻ തട്ടിപ്പ് കേന്ദ്രത്തിൽ പ്രവർത്തിക്കാനാണ് തങ്ങളെ എത്തിച്ചതെന്ന യാഥാർത്ഥ്യം ഇരുവരും തിരിച്ചറിഞ്ഞത്.

അഗസ്റ്റിൻ രാഹുലിന്റെ കുടുംബത്തിന്റെ പരാതിയിൽ മനുഷ്യക്കടത്ത് നടത്തിയതിന് വടുതല സ്വദേശി മെറിൻ അടക്കമുള്ളവർക്കെതിരെ എളമക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. മെറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു. ഇവർ ഏജന്റാണെന്ന് കണ്ടെത്തിയാൽ അറസ്റ്റിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ മ്യാൻമറിൽ കുടുങ്ങിയ ഇരുവരെയും നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുടുംബം വിദേശകാര്യമന്ത്രാലയത്തിനും മുഖ്യമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.

Similar Posts