പോപുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ തിരുവനന്തപുരത്തും അനധികൃത ജപ്തിയെന്ന് പരാതി
|മത്സ്യക്കച്ചവടക്കാരനായ അരിമാളൂർ സ്വദേശി എം.പി നവാസിന്റെ മൂന്ന് സെന്റ് സ്ഥലത്താണ് ജപ്തി നോട്ടീസ് പതിച്ചത്.
തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ തിരുവനന്തപുരത്തും അനധികൃത ജപ്തിയെന്ന് പരാതി. മത്സ്യക്കച്ചവടക്കാരനായ അരിമാളൂർ സ്വദേശി എം.പി നവാസിന്റെ മൂന്ന് സെന്റ് സ്ഥലത്താണ് ജപ്തി നോട്ടീസ് പതിച്ചത്. പൊതുമുതൽ നശിപ്പിച്ചത് 5,39,83,113 രൂപയും പലിശയും അടക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ജപ്തിയെന്നാണ് നോട്ടീസിൽ പറയുന്നത്.
നിരോധനത്തിന് മുമ്പ് പോപുലർ ഫ്രണ്ടിൽ നവാസ് പ്രവർത്തിച്ചിരുന്നു. എന്നാൽ ഔദ്യോഗിക പദവികളൊന്നും വഹിച്ചിട്ടില്ല. നവാസ് ഇതുവരെ ഒരു ക്രിമിനൽ കേസിലും പ്രതിയായിട്ടില്ല. ഹർത്താലുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തിലും നവാസ് ഇല്ലായിരുന്നു. പിന്നെ എങ്ങനെയാണ് ജപ്തി ചെയ്യാനുള്ള ലിസ്റ്റിൽ പേര് വന്നതെന്നാണ് നവാസ് ചോദിക്കുന്നത്.
ജപ്തി നടപടിക്കെതിരെ നവാസ് ജില്ലാ കലക്ടർക്ക് പരാതി നൽകി. തിരുവനന്തപുരം കലക്ട്രേറ്റിൽനിന്ന് അയച്ച ലിസ്റ്റിൽ നവാസിന്റെ പേരും സ്ഥലത്തിന്റെ സർവേ നമ്പറും ഉള്ളതുകൊണ്ടാണ് ജപ്തി ചെയ്തതെന്നാണ് വില്ലേജ് ഓഫീസർ നൽകുന്ന വിശദീകരണം.