രാത്രിയിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ അപമര്യാദയായി പെരുമാറി; യുവതിക്കും സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് അതിക്രമമെന്ന് പരാതി
|വാഹന പരിശോധന തടസപ്പെടുത്തിയതിൽ നിയമപരമായ നടപടിയാണ് സ്വീകരിച്ചതെന്നാണ് പൊലീസ് വിശദീകരണം
മലപ്പുറം: മഞ്ചേരിയിൽ യുവതിക്കും സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് അതിക്രമമെന്ന് പരാതി. രാത്രിയിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ പൊലീസ് അപമര്യാദയായി പെരുമാറിയെന്നും മർദിച്ചെന്നും മഞ്ചേരി സ്വദേശി അമൃത പറഞ്ഞു . വാഹന പരിശോധന തടസപ്പെടുത്തിയതിൽ നിയമപരമായ നടപടിയാണ് സ്വീകരിച്ചതെന്നാണ് പൊലീസ് വിശദീകരണം .
പത്തു വയസുകാരൻ മകനെയും കൂട്ടി സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം രാത്രിയിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. രണ്ട് വാഹനങ്ങളിലായാണ് യാത്ര ചെയ്തത് . മഞ്ചേരി നഗരത്തിൽ വെച്ച് വാഹനത്തിനരികിലെത്തിയ പൊലീസ് അപമര്യാദയായി പെരുമാറിയെന്നും തുടർന്ന് മർദിച്ചെന്നുമാണ് മഞ്ചേരി കൂമംകുളം സ്വദേശിയായ അമൃതയുടെ പരാതി. മഞ്ചേരി നഗരത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം . പൊലീസ് നടപടി ദൃശ്യങ്ങൾ പകർത്തിയപ്പോൾ ബലം പ്രയോഗിച്ച് ഫോൺ പിടിച്ചു വാങ്ങിയെന്നും ഇവർ പറയുന്നു .
എന്നാൽ വാഹന പരിശോധന തടസ്സപ്പെടുത്തിയതിൽ , നിയമപരമായ നടപടിയാണ് സ്വീകരിച്ചതെന്നാണ് പൊലീസ് വാദം . ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കസ്റ്റഡിയിലെടുത്തവരെ രക്ഷിതാക്കളെ അറിയിച്ചതിന് ശേഷം ജാമ്യത്തിൽ വിട്ടുവെന്നുമാണ് പൊലീസ് വിശദീകരണം.