Kerala
മലയാള സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടെന്ന് പരാതി
Kerala

മലയാള സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടെന്ന് പരാതി

ijas
|
2 Aug 2022 4:17 PM GMT

അകാരണമായി പത്രിക തള്ളിയതിനെതിരെയും വ്യാപകമായി തിരുത്തൽ വരുത്തിയതിനെതിരെയും ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

തിരൂർ: മലയാള സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയതായി പരാതി. തിങ്കളാഴ്ച നടന്ന സൂക്ഷ്മ പരിശോധനയിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ്, വിദ്യാർത്ഥി പ്രതികരണ കൂട്ടായ്മ പ്രതിനിധികൾ സമർപ്പിച്ച മുഴുവൻ നാമനിർദേശ പത്രികകളും എസ്.എഫ്.ഐ പ്രതിനിധികളുടെ നിർബന്ധത്തിന് വഴങ്ങി മുഖ്യ തെരഞ്ഞെടുപ്പ് വരണാധികാരി തള്ളിയതായി ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ആരോപിച്ചു. ഇതിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പരാതി കൊടുത്തതിന്‍റെ അടിസ്ഥാനത്തിൽ തള്ളിയ പത്രിക പുന:പരിശോധിക്കുകയും രണ്ട് പത്രികകൾ സ്വീകരിക്കുകയും ചെയ്തു. എന്നാൽ മറ്റു പത്രികകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ വ്യാപക ക്രമക്കേട് കണ്ടെത്തിയതായി ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രസ്താവനയില്‍ അറിയിച്ചു.

ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രതിനിധികൾ സമർപ്പിച്ച നാമനിർദേശ പത്രികകൾ വികലമാക്കിയ രീതിയിലായിരുന്നു ഉണ്ടായിരുന്നതെന്നും തിങ്കളാഴ്ച നടന്ന സൂക്ഷ്മപരിശോധനാ സമയത്ത് ഇല്ലാതിരുന്ന പല തിരുത്തലുകളും പുന:പരിശോധനാ സമയത്ത് കണ്ടെത്തിയതായും സംഘടന ആരോപിച്ചു. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇത്തരത്തിലുള്ള വ്യാപക ക്രമക്കേട് കണ്ടെത്തിയത്. എസ്.എഫ്.ഐയും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ തുടർച്ചയാണിതെന്ന ആരോപണം ശക്തമാണ്. അകാരണമായി പത്രിക തള്ളിയതിനെതിരെയും വ്യാപകമായി തിരുത്തൽ വരുത്തിയതിനെതിരെയും ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രതിനിധികൾ അറിയിച്ചു

Similar Posts