Kerala
Complaint on stone plaque at Kozhikode CH flyover,k karunakaran,Kozhikode,latest malayalam news
Kerala

'കെ.കരുണാകരന്റെ പേരുള്ള ഫലകങ്ങളെ അവഗണിച്ചു'; കോഴിക്കോട് സി.എച്ച് മേൽപ്പാലത്തിലെ ശിലാഫലകത്തിൽ പരാതി

Web Desk
|
26 Dec 2023 1:23 AM GMT

മാസങ്ങൾക്ക് മുൻപ് പാലം നവീകരിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവരുടെ പേര് ഉൾക്കൊള്ളിച്ച് പുതിയ ഫലകം സ്ഥാപിച്ചിരുന്നു

കോഴിക്കോട്: നവീകരിച്ച കോഴിക്കോട് സി.എച്ച് മേൽപാലത്തിൽ ഉദ്ഘാടന സമയത്തെ ശിലാഫലകങ്ങളെ അവഗണിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്. മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്റെ പേരുള്ള ഫലകങ്ങളെ അവഗണിച്ചെന്നാണ് പരാതി. പൊതു മരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പേരിൽ പുതിയ ഫലകം സ്ഥാപിച്ചപ്പോള്‍ നാശത്തിന്റെ വക്കിലുള്ള പഴയ ഫലകങ്ങൾ മാറ്റി സ്ഥാപിച്ചില്ലെന്നാണ് ആക്ഷേപം.

1983 ലാണ് കോഴിക്കോട് സി.എച്ച് മേൽപാലം ഉദ്ഘാടനം ചെയ്തത്. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ ഉദ്ഘാടന ചെയ്ത പാലത്തിൽ അഞ്ച് ശിലാ ഫലകങ്ങൾ സ്ഥാപിച്ചിരുന്നു. കാലപഴക്കത്താൽ ഈ ശിലാഫലകം കാഴ്ചയിൽ നിന്ന് മറഞ്ഞു. മാസങ്ങൾക്ക് മുൻപ് പാലം നവീകരിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവരുടെ പേര് ഉൾക്കൊള്ളിച്ച് പുതിയ ഫലകം സ്ഥാപിച്ചു. എന്നാല്‍ 40 വർഷങ്ങൾക്ക് മുമ്പ് ഉള്ള പഴയ ഫലകങ്ങൾ മോടി പിടിപ്പിക്കാനോ പുനഃ സ്ഥാപിക്കാനോ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്നാണ് യൂത്ത് കോൺഗ്രസ് പരാതി.

ഈ ശിലാ ഫലകങ്ങൾ മോടിപിടിപ്പിക്കുകയോ മാറ്റി സ്ഥാപിക്കുകയോ വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പൊതു മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകി. അനുകൂല നടപടി ഇല്ലെങ്കിൽ പ്രതിഷേധം തുടങ്ങാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.


Similar Posts