ക്ഷീര കർഷകയോട് മൃഗ സംരംക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി
|പത്തനാപുരം പൂങ്കുളഞ്ഞിയിൽ ക്ഷീര കർഷകയായ ഷക്കീലയാണ് പരാതിക്കാരി
ക്ഷീര കർഷകയോട് മൃഗ സംരംക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. പത്തനാപുരം പൂങ്കുളഞ്ഞിയിൽ ക്ഷീര കർഷകയായ ഷക്കീലയാണ് പരാതിക്കാരി. പശു ചത്തതിനെ തുടർന്ന് ലഭിക്കേണ്ട ഇൻഷുർ തുകയ്ക്കായി മൃഗ ഡോക്ടർ 5000 രൂപ ആവശ്യപ്പെട്ടതായാണ് പരാതി.
ബ്ലോക്കിൽ നിന്നും ക്ഷീര കർഷകർക്കായുള്ള സ്കീമിൽ ഉൾപ്പെടുത്തി ഷക്കീലക്ക് ലഭിച്ച പശു രോഗ ബാധയാൽ കഴിഞ്ഞ ദിവസം വീണു ചത്തു. 90,000 രൂപ വിലയുള്ള പശുവിന് എഴുപതിനായിരം രൂപ ഇൻഷുർ ചെയ്തിരുന്നു. ഇൻഷുർ തുകയ്ക്കായി മൃഗ ഡോക്ടർ 5000 രൂപ ആവശ്യപ്പെട്ടതായാണ് പരാതി. മറ്റ് ഉദ്യോഗസ്ഥർ മുഖേന പണം ആവശ്യപ്പെടുകയായിരുന്നു എന്ന് ഷക്കില പറയുന്നു.
ഷക്കീലക്കൊപ്പം ഇരുപത്തി അഞ്ചോളം കർഷകർക്ക് ബ്ലോക്കിൽ നിന്നും പശുക്കളെ ലഭിച്ചിരുന്നു. ഇതിൽ ഷക്കീലയുടേത് അടക്കം മൂന്ന് പശുക്കൾ രോഗബാധയിൽ ചത്ത് വീണു. മറ്റുള്ളവർക്ക് ഇൻഷുറൻസ് തുക ലഭിക്കുകയും ചെയ്തു. മുൻപ് ഒരു ലക്ഷത്തിലധികം വില വരുന്ന പശു പ്രസവിച്ചപ്പോൾ പശുക്കുട്ടി പുറത്ത് വരാനാകാതെ ബുദ്ധിമുട്ടുന്ന സാഹചര്യമായിരുന്നു. ഈ സമയത്ത് കുട്ടിയെ പുറത്തെടുക്കാൻ ഉദ്യോഗസ്ഥൻ 2000 രൂപ ആവശ്യപെട്ടതായും ആക്ഷേപമുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിരിക്കുകയാണ് ഈ ക്ഷീര കർഷക.