Kerala
Complaint that a five-day-old baby was given too much vaccine in Palakkad
Kerala

പാലക്കാട്ട് അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിന് അമിത വാക്‌സിൻ നൽകിയതായി പരാതി

Web Desk
|
16 Aug 2023 5:26 PM GMT

ബിസിജി മാത്രമെടുത്താൽ മതിയെന്ന് ദമ്പതികൾ അറിയിച്ചെങ്കിലും നഴ്‌സ് മൂന്ന് തവണ കുത്തിവയ്ക്കുകയായിരുന്നു

പാലക്കാട്: പാലക്കാട് അഞ്ചുദിവസം പ്രായമായ കുഞ്ഞിന് നഴ്സ് നിർദ്ദേശിച്ചതിൽ കൂടുതൽ വാക്സീൻ നൽകിയതായി പരാതി. പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. പള്ളിക്കുളം സ്വദേശികളായ നാദിർഷ-സിബിനിയ ദമ്പതികളുടെ അഞ്ചുദിവസം പ്രായമായ ആൺകുഞ്ഞിനാണ് ആശുപത്രി ജീവനക്കാരി കുറിപ്പിലില്ലാത്ത വാക്സിൻ നൽകിയത്.

ആഗസ്റ്റ് 12ാം തീയതിയായിരുന്നു കുഞ്ഞിന്റെ ജനനം. അന്ന് ആശുപത്രിയിൽ നിന്നു തന്നെ പോളിയോ ഉൾപ്പടെയുള്ള ചില മരുന്നുകൾ നൽകിയിരുന്നു. അഞ്ചാം ദിവസം ബിസിജി വാക്‌സിൻ അടുത്തുള്ള പ്രാഥിമാകാരോഗ്യ കേന്ദ്രത്തിൽ നിന്നെടുക്കണം എന്നും നിർദേശം നൽകി. അങ്ങനെയാണ് കുടുംബം പിരായിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്നത്. ഡോക്ടർ ബിസിജിക്കായി നഴ്‌സിനടുത്തേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു. എന്നാൽ നഴ്‌സ് അമിത ഡോസ് വാക്‌സിനാണ് കുഞ്ഞിന് കുത്തി വച്ചത്.

ബിസിജി മാത്രമെടുത്താൽ മതിയെന്ന് ദമ്പതികൾ അറിയിച്ചെങ്കിലും നഴ്‌സ് മൂന്ന് തവണ കുത്തിവയ്ക്കുകയായിരുന്നു. ബിസിജി സാധാരണ കയ്യിലാണ് കുത്തിവയ്ക്കാറുള്ളതെങ്കിലും നഴ്‌സ് കയ്യിലും രണ്ട് കാലുകളിലുമായാണ് കുത്തിവയ്‌പെടുത്തത്. ഇതിൽ സംശയം തോന്നിയ ദമ്പതികൾ ഡോക്ടറുമായി ഇതിനെക്കുറിച്ച് സംസാരിക്കുകയും നഴ്‌സിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി അറിയുകയുമായിരുന്നു.

തുടർന്ന് കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് കടുത്ത പനിയുണ്ടെന്നാണ് വിവരം. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞ്.

Similar Posts