Kerala
തൃശൂരിൽ ദലിത് വിദ്യാർഥിനിയെ സി.ഐ  ക്രൂരമായി  മർദിച്ചതായി പരാതി
Kerala

തൃശൂരിൽ ദലിത് വിദ്യാർഥിനിയെ സി.ഐ ക്രൂരമായി മർദിച്ചതായി പരാതി

Web Desk
|
4 Nov 2022 3:23 AM GMT

നിയമവിദ്യാര്‍ഥികൂടിയായ പെണ്‍കുട്ടി കൈക്കും നട്ടെല്ലിനും പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

തൃശൂർ: ദലിത് വിദ്യാർഥിനിയെ സി.ഐ മർദിച്ചതായി പരാതി. അതിരപ്പിള്ളിയിലാണ് സംഭവം. കൈക്കും നട്ടെല്ലിനും പരിക്കേറ്റ പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതിരപ്പിള്ളി സി.ഐയായ ലൈജു മോൻ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് പെൺകുട്ടി പറയുന്നു. പെൺകുട്ടി നിയമവിദ്യാർത്ഥിനി കൂടിയാണ്.

വിദ്യാർഥിനിയുടെ അച്ഛനും അമ്മയും അതിരപ്പള്ളിയിൽ ഒരു തെരുവ് വഴിയോര കച്ചവടക്കാരാണ്. അവിടെ ഉണ്ടായ തർക്കത്തിന്റെ പേരിൽ അച്ഛനും അമ്മയ്ക്കും എതിരെ വധശ്രമത്തിന് കേസുണ്ടായിരുന്നു. ഈ കേസിന്റെ അടിസ്ഥാനത്തിൽ സി.ഐ മഫ്തിയിലെത്തി അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്യാൻ എത്തിയ സമയത്താണ് ഈ പ്രശ്നങ്ങൾ ഉണ്ടായത്. അറസ്റ്റ് ചെയ്യാൻ വന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പെൺകുട്ടിയെ എസ്.ഐ മർദിച്ചതെന്നാണ് ആരോപണം. എസ്.ഐ കൈകയിൽ പിടിച്ച് തിരിക്കുകയും പുറത്ത് ഇടിക്കുകയും ചെയ്‌തെന്നും പെൺകുട്ടി പറയുന്നു. പെൺകുട്ടിക്ക് കൈക്ക് പൊട്ടലുണ്ട്. നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്.

അതേസമയം, പെൺകുട്ടിയെ താൻ ഉപദ്രവിച്ചിട്ടില്ലെന്നാണ് സി.ഐ ലൈജു മോൻ പറയുന്നത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പെൺകുട്ടി എടുത്തിട്ടുണ്ട്. അതിൽ താൻ ഉപദ്രവിക്കുന്നതായി ദൃശ്യങ്ങൾ ഇല്ലെന്നാണ് സി.ഐ പറയുന്നത്. എന്നാല്‍ വീഡിയോ എടുത്തതിനാലാണ് സി.ഐ ഉപദ്രവിച്ചതെന്നാണ് പെണ്‍കുട്ടി പറയുന്നത്. മര്‍ദനത്തെകുറിച്ച് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.



Similar Posts