മലബാർ പാക്കേജുകളിലെ പദ്ധതികള്‍ പലതും പ്രഖ്യാപനങ്ങളായി മാത്രം മാറുന്നതായി പരാതി
|ബേപ്പൂർ തുറമുഖ വികസനം ഉള്‍പ്പെടെ സ്ഥിരമായി ബജറ്റില്‍ ഉള്‍പ്പെടുകയും മുന്നോട്ടു പോകാത്തതുമായ പദ്ധതികള്‍ ഏറെയാണ്
ബജറ്റില്‍ പ്രഖ്യാപിക്കുന്ന മലബാർ പാക്കേജുകളിലെ പദ്ധതികള്‍ പലതും പ്രഖ്യാപനങ്ങളായി മാത്രം മാറുന്നുവെന്നുവെന്ന് പരാതി. ബേപ്പൂർ തുറമുഖ വികസനം ഉള്‍പ്പെടെ സ്ഥിരമായി ബജറ്റില്‍ ഉള്‍പ്പെടുകയും മുന്നോട്ടു പോകാത്തതുമായ പദ്ധതികള്‍ ഏറെയാണ്. വയനാട് കാപ്പിയുടെ ബ്രാന്‍ഡിംഗ്, ബേപ്പൂരിലെ മറൈന്‍ പാർക്ക്, തളിപ്പറമ്പിലെയും കാസർകോട്ടെയും ഐടി പാർക്കുകള്‍ തുടങ്ങി നടക്കാത്ത പ്രഖ്യാപനങ്ങള്‍ വേറെ.
2009ലും 2019 ലുമാണ് മലബാറിന് പ്രാമുഖ്യം നല്കിയ പാക്കേജുകള്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചത്. 2009 ലെ ബജറ്റ് പ്രഖ്യാപനമായി കോഴിക്കോട് സ്ഥാപിച്ചതാണ് സൈബർ പാർക്ക്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ റോഡു വികസനത്തിലെ പ്രധാന നടപടികളെല്ലാം മലബാർ പാക്കേജിന്റെ ഭാഗമായി ലഭിച്ചിട്ടുള്ളത്. എന്നാല്‍ പല പ്രഖ്യാപനങ്ങളും ബജറ്റ് പ്രസംഗത്തില്‍ ഒതുങ്ങി പോയി എന്നതാണ് യാഥാർഥ്യം. ബേപ്പൂർ തുറമുഖ വികസനം ഒരു ഉദാഹരണം മാത്രം. വയനാട് കാപ്പിയുടെ ബ്രാന്‍ഡിങ് ഉള്‍പ്പെടെ മുന്നോട്ടു പോകാത്ത പദ്ധതികള്‍ നിരവധിയാണ്.
ബേപ്പൂരിലെ മറൈന്‍ പാർക്ക് ഒരു ഓഫീസ് കെട്ടിടം മാത്രമായി അവസാനിച്ചു. മഞ്ചേശ്വരത്തെ മെഗാപാർക്ക്, തളിപ്പറമ്പിലെയും കാസർകോട്ടെയും ഐടി പാർക്കുകള്‍, നീലേശ്വരത്തെ ഐടി പാർക്ക് തുടങ്ങിയവ യാഥാർഥ്യമാകാത്ത പദ്ധതികളാണ്. പദ്ധതികള്‍ക്ക് മതിയായ തുക ബജറ്റില്‍ തുക വകയിരുത്തികൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് വേണ്ടതെന്നാണ് മലബാറുകാരുടെ അഭിപ്രായം. തൊഴില്‍ വരുമാന സാധ്യതയുള്ള പദ്ധതികളാണ് മലബാർ മേഖലക്ക് കൂടുതല്‍ ഗുണം ചെയ്യുകയെന്നും ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.