ഇന്ധന നികുതി കുറച്ചതിലെ നഷ്ടം; പമ്പുടമകൾക്ക് നഷ്ടമായത് ലക്ഷങ്ങൾ, എണ്ണക്കമ്പനികൾ പണം നൽകുന്നില്ലെന്ന് പരാതി
|പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറച്ച സമയത്ത് പമ്പുടമകള്‍ക്കുണ്ടായത് ലക്ഷങ്ങളുടെ നഷ്ടമാണ്
കോഴിക്കോട്: രാജ്യത്ത് ഇന്ധന നികുതി കുറച്ചപ്പോള്‍ പെട്രോള്‍ പമ്പുടമകള്‍ക്ക് സംഭവിച്ച നഷ്ടം നികത്താന്‍ തയ്യാറാകാതെ എണ്ണക്കമ്പനികള്‍. പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറച്ച സമയത്ത് പമ്പുടമകള്‍ക്കുണ്ടായത് ലക്ഷങ്ങളുടെ നഷ്ടമാണ് .മുൻകൂർ അടച്ച നികുതി തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ് പമ്പുടമകള്‍.
മുന്‍കൂര്‍ നികുതിയടച്ച ശേഷമാണ് പമ്പുടമകള്‍ക്ക് എണ്ണക്കമ്പനികള്‍ ഇന്ധനം നല്‍കുന്നത്. കഴിഞ്ഞ നവംബറില്‍ എക്സൈസ് തീരുവ പെട്രോളിന് ആറു രൂപ എട്ട് പൈസയും ഡീസലിന് 12 രൂപ 37 പൈസയും കുറച്ചു. ഇതോടെ മുന്‍കൂര്‍ നികുതിയായി നല്‍കിയ പതിനഞ്ച് ലക്ഷം രൂപ വരെ പമ്പുടമകള്‍ക്ക് നഷ്ടമായി. നികുതിയായി നല്‍കിയ തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് കമ്പനികള്‍ക്ക് പമ്പുടമകള്‍ കത്ത് നല്‍കിയിരുന്നു. മൂന്നു മാസം കഴിഞ്ഞെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കാന്‍ പമ്പുടമകള്‍ തീരുമാനിച്ചത്.