മരിച്ചയാളുടെ പേരിൽ പെൻഷൻ വാങ്ങുന്നുവെന്ന് പരാതി; മരിച്ചിട്ടില്ലെന്ന് 'പരേത', അയൽവാസിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം
|മുക്കൂടി വാർഡിൽ അനതിക്യതമായി ക്ഷേമ പെൻഷൻ വാങ്ങുന്ന ഒൻപത് പേരുണ്ടെന്നും ഇവരുടെ പെൻഷൻ തടയണമെന്നും ആവശ്യപ്പെട്ടാണ് ബീന പഞ്ചായത്തിൽ പരാതി നൽകിയത്
കൊല്ലം: കുണ്ടറയിൽ മരിച്ചയാളുടെ പേരിൽ കുടുംബം പെൻഷൻ വാങ്ങുന്നുവെന്ന് പഞ്ചായത്തിൽ പരാതി നൽകി അയൽവാസി. എന്നാൽ താൻ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിക്കുമ്പോൾ മരിച്ചെന്നു കാട്ടി പരാതി നൽകിയ അയൽവാസിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി 'പരേത' രംഗത്ത്.
കുണ്ടറ മുക്കൂട്, പണയിൽ വീട്ടിൽ കെ.ജി രത്നമ്മ മരിച്ച ശേഷവും ഇവരുടെ പേരിലുള്ള പെൻഷൻ കുടുംബം കൈപ്പറ്റുന്നതായാണ് അയൽവാസിയായ ബീന ദേവദാസ് പരാതി നൽകിയത്. കുണ്ടറ പഞ്ചായത്തിലാണ് പരാതി നൽകിയത്. ബീന പരാതി നൽകിയതിന് ശേഷം രത്നമ്മ നേരിട്ടെത്തി താൻ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. താൻ ജീവിച്ചിരിക്കുമ്പോൾ മരിച്ചെന്നു കാട്ടി പരാതി നൽകിയ ബീനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രത്നമ്മ പറഞ്ഞു.
കുണ്ടറ ഗ്രാമപഞ്ചായത്തിലെ മുക്കൂടി വാർഡിൽ അനതിക്യതമായി ക്ഷേമ പെൻഷൻ വാങ്ങുന്ന ഒൻപത് പേരുണ്ടെന്നും ഇവരുടെ പെൻഷൻ തടയണമെന്നും ആവശ്യപ്പെട്ടാണ് ബീന പഞ്ചായത്തിൽ പരാതി നൽകിയത്. എന്നാൽ പരാതിയിൽ പറയുന്ന ഒൻപത് പേരുടെയും പെൻഷൻ തടയാൻ കാരണമായി കാണിച്ചിരിക്കുന്ന കാരണങ്ങൾ തെറ്റാണെന്നും പരാതിക്കാതിരിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ഗ്രാമപഞ്ചായത്തംഗം മുക്കൂട് രഘു പറഞ്ഞു. പരാതിക്കാരി നൽകിയ മറ്റ് എട്ടുപേരുടെയും വിശദ വിവരങ്ങൾ തെരയുകയാണെന്ന് കുണ്ടറ പഞ്ചായത്ത് അറിയിച്ചു .