മകളെ കാണാനായി സ്റ്റേഷനിലെത്തിയ മാതാവിനെയും കുടുംബത്തേയും പൊലീസ് മര്‍ദിച്ചെന്ന് പരാതി
|ആൺ സുഹൃത്തിനൊപ്പം പോകാന്‍ കോടതി അനുവദിച്ചതിന് പിന്നാലെ മകളെ കാണാനായി എത്തിയതായിരുന്നു കുടുംബം.
മലപ്പുറം: ആൺ സുഹൃത്തിനൊപ്പം വീടു വിട്ടിറങ്ങിയ മകളെ കാണാനായി സ്റ്റേഷനിലെത്തിയ മാതാവിനെയും കുടുംബത്തേയും പൊലീസ് മര്‍ദിച്ചതായി പരാതി. പരപ്പനങ്ങാടി പൊലീസിനെതിരെയാണ് കുടുംബത്തിന്റെ ആരോപണം. പെൺകുട്ടി ആവശ്യപ്പെട്ടതനുസരിച്ച് ആൺ സുഹൃത്തിനൊപ്പം പോകാന്‍ കോടതി അനുവദിച്ചതിന് പിന്നാലെ മകളെ കാണാനായി പൊലീസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു കുടുംബം.
തേഞ്ഞിപ്പലം സ്വദേശികളായ സര്‍സീന- സിനോയ് ദമ്പതികളുടെ മകളെ ഈ മാസം രണ്ടാം തീയതിയാണ് വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് പിതാവ് പൊലീസില്‍ പരാതി നല്കി. നാലാം തീയതി മകളെ ആൺ സുഹൃത്തിനൊപ്പം പൊലീസ് കണ്ടെത്തി. ഇരുവരെയും പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി.
ആൺ സൃഹൃത്തിനൊപ്പം പോകാനുള്ള തീരുമാനം പെണ്‍കുട്ടി കോടതിയെ അറിയിച്ചു. തുടർന്ന് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് മകളെ കാണാനായി കുടുംബം എത്തിയപ്പോള്‍ പൊലീസ് പിടിച്ചു മാറ്റി മര്‍ദിച്ചെന്നാണ് പരാതി. വനിതാ പൊലീസ് നോക്കിനില്‍ക്കെയാണ് പുരുഷ ഉദ്യോഗസ്ഥർ മർദിച്ചതെന്ന് പെൺകുട്ടിയുടെ മാതാവ് പറഞ്ഞു.
പൊലീസ് അകാരണമായി മർദിച്ചെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയെന്നും ഇവർ പറയുന്നു. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് മർദനമെന്നാണ് കുടുംബത്തിന്റെ ആരോപണം. പൊലീസ് മർദനത്തെ തുടർന്ന് കുടുംബം ചികിത്സ തേടി. അകാരണമായി മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.