കോഴിക്കോട് ലോ കോളജിൽ കെ.എസ്.യു പ്രവർത്തകനെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചതായി പരാതി
|രണ്ടാം വർഷ വിദ്യാർഥി സഞ്ജയ് ജസ്റ്റിനാണ് മർദനമേറ്റത്. നേരത്തേയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് മർദനം
കോഴിക്കോട്: കോഴക്കോട് ഗവര്ണ്മെന്റ് ലോ കോളേജിൽ കെ.എസ്.യു പ്രവർത്തകനെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചതായി പരാതി. രണ്ടാം വർഷ വിദ്യാർഥി സഞ്ജയ് ജസ്റ്റിനാണ് മർദനമേറ്റത്. നേരത്തേയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് മർദനം. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്കുമുമ്പ് ലേ കോളേജിൽ കെ.എസ്.യു- എസ്.എഫ്.ഐ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ മർദനം.
ഇത്തവണത്തെ യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു വൻനേട്ടമുണ്ടാക്കിയിരുന്നു. ഇതിൽ പ്രകോപിതരായാണ് എസ്.എഫ്.ഐ പ്രവർത്തകർ എസ്.എഫ്.ഐ പ്രവർത്തകർ സംഘടിതമായെത്തി ആക്രമിച്ചതെന്നാണ് പരാതി. ഇന്ന് എസ്.എഫ്.ഐയുടെ വിദ്യാഭ്യാസ ബന്ധ് ആയതിനാൽ ക്യാമ്പസിൽ വിദ്യാർഥികൾ കുറവായിരുന്നു.
ഈ സമയം ഇവിടേക്കെത്തിയ കെ.എസ്.യു പ്രവർത്തകനും രണ്ടാം വർഷ വിദ്യാർഥിയുമായ സഞ്ജയ് ജസ്റ്റിനെ ഒരുകൂട്ടം എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ബഹളം കേട്ട് ഹോസ്റ്റലിൽ നിന്നും കൂടുതൽ വിദ്യാർഥികളെത്തിയതോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് കെ.എസ്.യു അറിയിച്ചിട്ടുണ്ട്.