പൊലീസുകാരെ സൈനികന്‍ ആക്രമിച്ചതായി പരാതി; പ്രത്യാരോപണവുമായി കുടുംബം; അറസ്റ്റ്
|ബലപ്രയോഗത്തിലൂടെ കിരൺകുമാറിനെ പൊലീസ് കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊല്ലം: കൊല്ലത്ത് പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ സൈനികന്‍ ആക്രമിച്ചതായി പരാതി. കൊട്ടിയം സ്വദേശിയായ സൈനികന്‍ കിരണ്‍കുമാർ ആണ് പൊലീസുകാരെ ആക്രമിച്ചതെന്നാണ് പരാതി. തുടർന്ന് കിരൺ കുമാറിനെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. എന്നാൽ പൊലീസാണ് ഭര്‍ത്താവിനെ മര്‍ദിച്ചതെന്ന് സൈനികന്റെ ഭാര്യ പറഞ്ഞു.
കൊട്ടിയം ചെന്താപ്പൂരിലെ എന്‍.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഭവങ്ങളുടെ തുടക്കം. സൈനികൻ കിരണ്‍കുമാറിന്റെ അച്ഛന്‍ തുളസീധരന്‍ പിള്ളയ്‌ക്കെതിരെ കരയോഗം ഭാരവാഹികള്‍ പൊലീസിൽ പരാതി നൽകിയിരുന്നു. തനിക്ക് മര്‍ദനമേറ്റെന്ന് കാട്ടി തുളസീധരന്‍ പിള്ളയും പൊലീസിനെ സമീപിച്ചു.
ഈ പരാതികളെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ തങ്ങളെ കിരൺകുമാർ മർദിച്ചതായാണ് കൊട്ടിയം പൊലീസിന്റെ ആരോപണം. തുടർന്ന് ബലപ്രയോഗത്തിലൂടെ കിരൺകുമാറിനെ പൊലീസ് കീഴ്പ്പെടുത്തി.
അതേസമയം, ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ പൊലീസ് വിളിച്ചുണര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് കിരൺകുമാറിന്റെ ഭാര്യ അശ്വതിയുടെ ആരോപണം. സംഘർഷത്തിനിടെ കിരൺകുമാറിന്റെ അമ്മയ്ക്കും പരിക്കേറ്റു.
സൈനികനെതിരെ നേരത്തേയും കേസുകളുണ്ടായിട്ടുണ്ടെന്ന് കൊട്ടിയം പൊലീസ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പുകളാണ് കിരൺകുമാറിന് മേല്‍ ചുമത്തിയിരിക്കുന്നത്.