'1000 രൂപ എടുക്കാനില്ലേ'യെന്ന് ജീവനക്കാർ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചതായി പരാതി
|പക്ഷാഘാതത്തിന് ചികിത്സ തേടിയ തിരുവനന്തപുരം സ്വദേശി നാസർഖാനാണ് ദുരനുഭവമുണ്ടായത്
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ രോഗിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. പക്ഷാഘാതത്തിന് ചികിത്സ തേടിയ തിരുവനന്തപുരം സ്വദേശി നാസർഖാനാണ് ദുരനുഭവമുണ്ടായത്. സി.ടി സ്‌കാൻ റിപ്പോർട്ട് വാങ്ങാൻ പണമില്ലാത്തതിനാൽ ചികിത്സ നൽകിയില്ലെന്ന് കുടുംബം ആരോപിച്ചു. 1000 രൂപ എടുക്കാനില്ലേയെന്ന് ആശുപത്രി ജീവനക്കാർ പരിഹസിച്ചതായി നാസർ ഖാന്റെ ഭാര്യ നജ്മുന്നീസ പറഞ്ഞു.
''ഇന്നലെ രാവിലെ ഇവിടെ വന്നതാണ്. ആംബുലൻസിലാണ് വന്നത്. തലയുടെ സ്‌കാൻ എടുക്കണമെന്ന് എഴുതി തന്നിരുന്നു. സ്‌കാൻ ചെയ്ത് കഴിഞ്ഞപ്പോൾ 1000 രൂപ വേണമെന്ന് പറഞ്ഞു. ഞാൻ എന്റെ കയ്യിൽ ഇല്ലെന്ന് പറഞ്ഞു. അപ്പൊ അവര് പറഞ്ഞു പൈസ അടച്ചാലേ റിസൾട്ട് തരുവൊള്ളുവെന്ന് പറഞ്ഞു. ഡോക്ടർമാര് വിളിച്ചുനോക്കിയിട്ട് പോലും അവര് തരുന്നില്ല. ഇന്നലെ രാവിലെ വന്നതാണ്. ഇതുവരെ ചികിത്സ കിട്ടിയിട്ടിട്ടില്ല. സ്‌കാൻ റിപ്പോർട്ട് കിട്ടിയാൽ മത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ. 1000 രൂപ എടുക്കാനില്ലാത്ത ആൾക്കാരുണ്ടാകുവോ എന്ന് പറഞ്ഞാണ് സിസ്റ്റർമാര് കളിയാക്കി. നമ്മളെ കൂലിവേല ചെയ്ത് നോക്കുന്ന ആളാണ് അവിടെ കിടക്കുന്നത്. മോള് സംസാരിക്കാത്ത കുട്ടിയാണ്. ഇവിടെ വന്ന് ഇക്കാടെ വെപ്രാളമെല്ലാം കണ്ടപ്പോ അവൾക്ക് ഫിക്‌സ് വന്നു. ഇക്കയെ ഇവിടെ ആക്കിയിട്ട് മോളെ ചികിത്സിക്കാനും പോകൻ വയ്യ''. നജ്മുന്നീസ പറഞ്ഞു.