കാസർകോട് ലഹരിമുക്ത ജാഗ്രതാ സമിതി പ്രവർത്തകരെ ലഹരിമാഫിയ ആക്രമിച്ചതായി പരാതി
|ലഹരിമുക്ത ജാഗ്രതാ സമിതി പ്രവർത്തകരായ ജുനൈഫ്, സമദ്, ഷറഫുദ്ദീൻ എന്നിവർക്ക് പരിക്കേറ്റു.
കാസർകോട്: ലഹരിമുക്ത ജാഗ്രതാ സമിതി പ്രവർത്തകരെ ലഹരിമാഫിയ ആക്രമിച്ചതായി പരാതി. കാഞ്ഞങ്ങാട് കൊളവയൽ റോഡിലെ ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്‌കൂൾ റോഡിൽവെച്ചാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് ലഹരിമാഫിയയുടെ പ്രവർത്തനം ശക്തമായതിനെ തുടർന്നാണ് നാട്ടുകാർ ലഹരിമുക്ത ജാഗ്രതാ സമിതി രൂപീകരിച്ചത്.
ഇന്നലെ രാത്രി ലഹരിമാഫിയാസംഘം പ്രദേശത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ജാഗ്രതാ സമിതി പ്രവർത്തകർ ഇവിടെയെത്തിയത്. ഇവർക്ക് നേരെ കാറോടിച്ച് കയറ്റാനായിരുന്നു ശ്രമം. ലഹരിമുക്ത ജാഗ്രതാ സമിതി പ്രവർത്തകരായ ജുനൈഫ്, സമദ്, ഷറഫുദ്ദീൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമം നടത്തിയ അജാനൂർ കടപ്പുറം സ്വദേശി നൗഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഫ്‌സൽ, നൗഷാദ്, ഇർഫാൻ എന്നിവരാണ് അക്രമം നടത്തിയതെന്ന് പരിക്കേറ്റ സമദ് മീഡിയവണിനോട് പറഞ്ഞു. എയർഗൺ, വടിവാൾ തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചാണ് തങ്ങളെ അക്രമിച്ചതെന്നും സമദ് പറഞ്ഞു.