മൂല്യനിർണയ ക്യാമ്പുകൾ തുടങ്ങാറായിട്ടും കഴിഞ്ഞ വർഷത്തെ ഉത്തരക്കടലാസ് നോക്കിയ വേതനം ലഭിച്ചില്ല
|സാമ്പത്തിക പ്രതിസന്ധി മൂലം പണം അനുവദിക്കാൻ കഴിയുന്നില്ലെന്നാണ് സർക്കാറിന്റെ മറുപടി
തിരുവനന്തപുരം: ഇക്കൊല്ലത്തെ മൂല്യനിർണയ ക്യാമ്പുകൾ തുടങ്ങാറായിട്ടും കഴിഞ്ഞ വർഷത്തെ ഉത്തരക്കടലാസ് നോക്കിയ വേതനം ലഭിച്ചില്ല എന്ന പരാതിയുമായി ഹയർ സെക്കൻഡറി അധ്യാപകർ. 27,000 അധ്യാപകർ പങ്കെടുത്ത ക്യാമ്പുകളിൽ പകുതിയോളം പേർക്ക് മാത്രമാണ് പ്രതിഫലം ലഭിച്ചിട്ടുള്ളത്.
സാമ്പത്തിക പ്രതിസന്ധി മൂലം പണം അനുവദിക്കാൻ കഴിയുന്നില്ല എന്നാണ് സർക്കാറിന്റെ മറുപടി. കഴിഞ്ഞവർഷം ആകെ 80 ക്യാമ്പുകളിലായി 27000 അധ്യാപകരാണ് ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തിയത്. ഇവർക്ക് ഒരു പേപ്പറിന് 8 രൂപ എന്ന നിരക്കിലാണ് വേതനം നൽകുന്നത്. സാധാരണഗതിയിൽ ക്യാമ്പുകൾ പൂർത്തിയായി 15 ദിവസത്തിനകം പണം അക്കൗണ്ടിൽ വരാറുണ്ട്. എന്നാൽ ഇത്തവണ ഫലപ്രഖ്യാപനം കഴിഞ്ഞ് 11 മാസം പിന്നിട്ടും പകുതിയിൽ താഴെ അധ്യാപകർക്ക് മാത്രമാണ് വേതനം ലഭിച്ചിട്ടുള്ളത്.
കണക്ക് പ്രകാരം പ്രതിഫലം നൽകുന്നതിന് 30.44 കോടി രൂപ സർക്കാർ വകയിരുത്തിയിരുന്നു. എന്നാൽ 8.88 കോടി രൂപ മാത്രമേ അനുവദിക്കപ്പെട്ടുള്ളൂ. അധികൃതരോട് അന്വേഷിക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധി എന്നാണ് മറുപടി എന്ന് അധ്യാപകർ പറയുന്നു
ഇക്കൊല്ലം മൂല്യനിർണയ ക്യാമ്പുകൾ ആരംഭിക്കുന്നത് ഏപ്രിൽ ഒന്നിനാണ്. അതിനു മുൻപേ കുടിശ്ശിക തീർത്തില്ലെങ്കിൽ നിയമപരമായി മുന്നോട്ടു പോകുമെന്ന് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂണിയൻ അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടും എന്നാണ് സൂചന