Kerala
dog, kannur, street dog attack
Kerala

ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയപ്പോൾ നായയെ അഴിച്ചു വിട്ട് കടിപ്പിച്ചെന്ന് പരാതി; വനിതാ പ്രൊട്ടക്ഷൻ ഓഫീസർക്ക് പരിക്ക്

Web Desk
|
19 April 2023 2:53 PM GMT

വയനാട് ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ മായാ എസ്. പണിക്കർ, കൗൺസിലർ നാജിയ ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്

വയനാട്: വയനാട്ടിൽ ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വനിതാ പ്രൊട്ടക്ഷൻ ഓഫീസറെയും സംഘത്തെയും നായയെ അഴിച്ച് വിട്ട് കടിപ്പിച്ചുവെന്ന് പരാതി. പരിക്കേറ്റ ഉദ്യോഗസ്ഥരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം.

വയനാട് ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ മായാ എസ്. പണിക്കർ, കൗൺസിലർ നാജിയ ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. മേപ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ തൃക്കൈപ്പറ്റ നെല്ലിമാളത്ത് ഉച്ചക്കായിരുന്നു സംഭവം. വനിതാ ശിശു വികസന വകുപ്പിന് ലഭിച്ച പരാതിയിൽ ഗാർഹിക പീഡനത്തിരയായ യുവതിയെ അന്വേഷിച്ച് എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. ജോസ് എന്ന വ്യക്തിക്കെതിരെയായിരുന്നു പരാതി. ഉദ്യോഗസ്ഥരെത്തിയത് ചോദ്യം ചെയ്ത് ഇയാൾ കയർക്കുന്നതിനിടെ നായ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. അക്രമണമുണ്ടായിട്ടും ജോസ് പട്ടിയെ പിടിച്ചു മാറ്റാൻ ശ്രമിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മായ എസ്. പണിക്കരുടെ കാലിനും കൈക്കും കടിയേറ്റു. കൂടെയുണ്ടായിരുന്ന കൗൺസിലർ നാജിയ ഷെറിനേയും നായ ആക്രമിച്ചു. രക്ഷപ്പെടാൻ ഓടുന്നതിനിടെ കാലിനും കൈക്കും പരിക്കേറ്റു. നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയ ഉദ്യോഗസ്ഥരെ ഔദ്യോഗിക വാഹനത്തിൽ കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


Similar Posts