വീണ്ടും ക്രൂരത; വഴിയോര കച്ചവടക്കാരിയുടെ മീൻ പൊലീസ് തട്ടിത്തെറിപ്പിച്ചതായി പരാതി
|പാലത്തിലും സമീപ പ്രദേശങ്ങളിലും മീൻ വിൽപന പാടില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി
തിരുവനന്തപുരം കരമനയിൽ വഴിയോര കച്ചവടക്കാരിയുടെ മീൻ പൊലീസ് തട്ടിത്തെറിപ്പിച്ചതായി പരാതി. കരമന പാലത്തിന് സമീപം മീൻ വിറ്റിരുന്ന വലിയതുറ സ്വദേശിനി മരിയാ പുഷ്പയാണ് കരമന സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
പാലത്തിലും സമീപ പ്രദേശങ്ങളിലും മീൻ വിൽപന പാടില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി. മത്സ്യക്കച്ചവടക്കാരും നാട്ടുകാരും നടപടിയിൽ പ്രതിഷേധവുമായി രംഗത്തെത്തി. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷിച്ച് നടപടി എടുക്കാം എന്ന ഉറപ്പിനെ തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞ് പോയത്.
കഴിഞ്ഞ മാസം കൊല്ലം പാരിപ്പളളിയില്‍ മത്സ്യക്കച്ചവടം നടത്തിയിരുന്ന മേരിയുടെ മീൻ കുട്ട പൊലീസ് തട്ടിതെറിപ്പിച്ചെന്ന വാർത്ത ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. വാര്‍ത്തയ്ക്കു പിന്നാലെ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ നേതാക്കളും, സാമൂഹ്യ പ്രവര്‍ത്തകരും പൊലീസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. മീൻ കുട്ട വലിച്ചെറിഞ്ഞ് മത്സ്യം നശിപ്പിച്ചെന്നായിരുന്നു പരാതി. ഇതിന്റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിനെതിരെ വീണ്ടും സമാന പരാതി ഉയരുന്നത്.