സ്വര്‍ണ നാണയം സമ്മാനമായി നല്‍കാമെന്ന് പറഞ്ഞ് ഫർണിച്ചർ സ്ഥാപനം വൻ തട്ടിപ്പ് തടത്തിയതായി പരാതി
|സമ്മാനം കിട്ടാനായി നൽകിയ രേഖകളുപയോഗിച്ച് വ്യാപാരി ലോണെടുത്തതായാണ് പരാതി
കോട്ടയം: കിടങ്ങൂരിൽ ഫർണിച്ചർ സ്ഥാപന ഉടമ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പരാതി. ഉപഭോക്താക്കളുടെ പേരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പ എടുത്തായിരുന്നു തട്ടിപ്പ്. കെണിയില്‍ അകപ്പെട്ട് സാമ്പത്തിക ബാധ്യതയിലായ മുപ്പതോളം പേര് പൊലീസില്‍ പരാതി നല്കി
കിടങ്ങൂർ ടൗണിൽ പ്രവർത്തിക്കുന്ന ആർ.ബി ഹോം ഷോപ് എന്ന ഫർണിച്ചർ സ്ഥാപനത്തിലെ ഉപഭോക്താളും സ്ഥാപന ഉടമയുടെ പരിചയക്കാരുമാണ് തട്ടിപ്പിന് ഇരയായത്. കടയിൽ സാധനം വാങ്ങാനെത്തുന്നവര്‍ക്ക് സ്വര്‍ണ നാണയം സമ്മാനമായി നല്‍കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. സ്വര്‍ണ നാണയം നല്‍കാനെന്ന വ്യാജേന ഉപഭോക്താക്കളുടെ ഫോണ്‍ നമ്പരും , ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുളള രേഖകളും കടയുടമ സ്വന്തമാക്കി.
തുടര്‍ന്ന് ഇവര്‍ കടയില്‍ നിന്ന് സാധനങ്ങള്‍ ഇഎംഐ വ്യവസ്ഥയില്‍ വാങ്ങിയതായി രേഖയുണ്ടാക്കി സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പ സംഘടിപ്പിച്ചു. തിരിച്ചടവ് മുടങ്ങി ബാങ്കിൽ നിന്നും വിളി എത്തിയപ്പോഴാണ് പലരും സംഭവമറിയുന്നത്.
2000 രൂപയുടെ ഗ്യാസ് അടുപ്പ് വാങ്ങാനെത്തി ഒന്നരലക്ഷം രൂപയുടെ കടക്കാരായവര്‍ വരെയുണ്ട് തട്ടിപ്പിന് ഇരയായവരുടെ കൂട്ടത്തില്‍. ഒടിപി നല്‍കിയിട്ടില്ലെന്നാണ് പരാതിപ്പെട്ടവരില്‍ ഏറിയ പങ്കും പൊലീസിനോട് പറഞ്ഞത്. ഒടിപി ഇല്ലാതെ ഉപഭോക്താക്കളുടെ പേരില്‍ വായ്പ നല്‍കിയതില്‍ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഒളിവില്‍ പോയ സ്ഥാപന ഉടമ ഉണ്ണികൃഷ്ണനായി തിരച്ചില്‍ തുടരുകയാണ്.