ഉടമസ്ഥന് സ്ഥലത്തില്ലാത്ത സമയത്ത് ഭൂമാഫിയ അതിക്രമിച്ചു കയറി റോഡ് വെട്ടിയെന്ന് പരാതി
|പരാതി നൽകി ദിവസങ്ങളായിട്ടും പ്രതികളെ പൊലീസിന് ഇനിയും പിടികൂടാനായിട്ടില്ല
കൊല്ലം പട്ടാഴിയിൽ ഭൂമാഫിയ അതിക്രമിച്ചു കയറി റോഡ് വെട്ടിയെന്ന് പരാതി. ഉടമസ്ഥൻ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു അതിക്രമം. പരാതി നൽകി ദിവസങ്ങളായിട്ടും പ്രതികളെ പൊലീസിന് ഇനിയും പിടികൂടാനായിട്ടില്ല .
സ്വന്തം വസ്തുവില്‍ ഭൂമാഫിയ അതിക്രമിച്ച് കയറി റോഡ് വെട്ടിയത്തിന്റെ ഞെട്ടലിലാണ് മോഹൻദാസും ജലജകുമാരിയും. 25 വര്‍ഷം മുമ്പാണ് പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ മഞ്ചാടിമുക്കിന് സമീപം കുടുംബ ഓഹരിക്കൊപ്പം 30 സെന്റെ് പുരയിടം വിലകൊടുത്ത് വാങ്ങിയത്. ഇവരുടെ വസ്തുവിന് സമീപം റബ്ബര്‍ തോട്ടമുളള എസ്റ്റേറ്റ് മുതലാളിയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ 15 ആം തിയതി രാത്രി ഗുണ്ടകളുടെ സഹായത്തോടെ 30 സെന്റ് സ്ഥലത്തും ജെസിബി ഉപയോഗിച്ച് റോഡ് വെട്ടി. യു.ഡി.എഫ് പഞ്ചായത്ത് മെമ്പർ ഇതിന് ഒത്താശ ചെയ്തെന്നും കുടുംബം ആരോപിക്കുന്നു. ലക്ഷങ്ങള്‍ വിലവരുന്ന ആഞ്ഞിലി, പ്ലാവ്, തേക്ക് തുടങ്ങിയ മരങ്ങൾ വെട്ടിമാറ്റിയ സംഘം തടികള്‍ ഇവിടെ നിന്ന് കടത്തുകയും ചെയ്തു. നടവഴി പോലും ഇല്ലാത്ത വസ്തുവില്‍ അതിക്രമിച്ച് കയറി റോഡ് വെട്ടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല.